മറ്റത്തൂരില്‍ അനുനയ നീക്കം തുടര്‍ന്ന് കെപിസിസി; റോജിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് ടി എം ചന്ദ്രന്‍

മറ്റത്തൂര്‍ പഞ്ചായത്തിലെ കൂറുമാറ്റത്തില്‍ അനുനയ നീക്കം തുടര്‍ന്ന് കെപിസിസി. കഴിഞ്ഞ ദിവസം റോജി എം ജോണുമായി വിമതര്‍ നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ടി എം ചന്ദ്രന്‍ പ്രതികരിച്ചു. കെപിസിസി പ്രസിഡന്റ് നിര്‍ദ്ദേശിച്ചതനുസരിച്ചാണ് എംഎല്‍എയുമായി ചര്‍ച്ച നടത്തിയത്. ഡിസിസി പ്രസിഡന്റും ബ്ലോക്ക് പ്രസിഡന്റും സ്വീകരിച്ച തെറ്റായ സമീപനങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് നേതാക്കളെ അറിയിച്ചുവെന്നും വിമതര്‍ പറഞ്ഞു. കൃത്യമായ കൂടിയാലോചനകള്‍ ഉണ്ടാകുമെന്ന് റോജി എം ജോണ്‍ അറിയിച്ചിട്ടുണ്ടെന്ന് ടി എം ചന്ദ്രന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമായി സംസാരിച്ച ശേഷം നിലപാട് അറിയിക്കാമെന്ന് എംഎല്‍എ പറഞ്ഞുവെന്നും ടി എം ചന്ദ്രന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ടി എം ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു എട്ട് വിമത അംഗങ്ങള്‍ റോജി എം ജോണ്‍ എംഎല്‍എയുമായി ചര്‍ച്ച നടത്തിയത്. ബിജെപിയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ഒരു അംഗം പോലും ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നും ചര്‍ച്ചയില്‍ ടി എം ചന്ദ്രനും കൂട്ടരും റോജിയോട് പറഞ്ഞതായാണ് വിവരം. സിപിഐഎമ്മിനെ പഞ്ചായത്ത് ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ സ്വതന്ത്രനെ പ്രസിഡന്റാക്കുക മാത്രമാണ് ചെയ്തതെന്നും ഇതിനെ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും വിമത കോണ്‍ഗ്രസ് നേതാക്കള്‍ റോജിയെ അറിയിച്ചു.




