കെപിസിസി – ഡിസിസി പുനഃസംഘടനാ ചർച്ചകൾ അന്തിമഘട്ടത്തിൽ…

കെപിസിസി – ഡിസിസി പുനഃസംഘടന ചർച്ചകൾ അന്തിമഘട്ടത്തിൽ. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നേതാക്കളുമായി ആശയവിനിമയം തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, വർക്കിങ് പ്രസിഡന്റ് കെ പി അനിൽകുമാർ, രമേശ് ചെന്നിത്തല എന്നിവരുമായാണ് കൂടിക്കാഴ്ച നടന്നത്

പുനഃസംഘടന ഉണ്ടാകുമ്പോൾ ഡിസിസി അധ്യക്ഷന്മാരിലാകും വലിയ മാറ്റമുണ്ടാകുക എന്നാണ് സൂചന. ഒൻപത് ഡിസിസി പ്രസിഡൻ്റുമാരെ മാറ്റിയേക്കും. പ്രവർത്തന മികവ് പുലർത്തിയവരെ മാറ്റേണ്ടതില്ലെന്ന് തീരുമാനമുണ്ടായതിനാൽ അഞ്ച് ഡിസിസി പ്രസിഡൻ്റുമാർ തുടരും. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലെ പ്രസിഡന്റുമാരെയാകും നിലനിർത്തുക.

ബ്ലോക്ക് തലത്തിലെ പ്രവർത്തനം, ജില്ലാ കമ്മിറ്റി ഓഫീസ് നിർമാണം എന്നിവയെല്ലാമാണ് കോഴിക്കോട് ജില്ലാ അധ്യക്ഷൻ കെ പ്രവീൺകുമാറിന് ഗുണമായത്. നിലമ്പുർ ഉപതെരഞ്ഞെടുപ്പ് സമയത്ത് പക്വതയോടെ ഇടപെട്ടതാണ് മലപ്പുറം ജില്ലാ അധ്യക്ഷൻ വി എസ് ജോയിക്ക് ഗുണമായത്. യുവനേതാവ്, സമരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നയാൾ എന്ന ഇമേജ് എറണാകുളം ജില്ലാ അധ്യക്ഷൻ മുഹമ്മദ് ഷിയാസിനുണ്ട്. അതുകൊണ്ടുതന്നെ ഷിയാസിനെ മാറ്റിയേക്കില്ല. തൃശ്ശൂരിൽ പുതിയ ഡിസിസി അധ്യക്ഷൻ ചുമതലയേറ്റെടുത്ത് അധികമായിട്ടില്ല എന്നതിനാൽ അവിടെ മാറ്റമുണ്ടാകില്ല.

കെപിസിസിയിലും സമഗ്ര അഴിച്ചുപണി ഉണ്ടായേക്കില്ല. ഭാരവാഹികളായ ഭൂരിഭാഗം പേരെയും നിലനിർത്താനാണ് തീരുമാനം. പരമാവധി 85 ഭാരവാഹികളെ ഉൾപ്പെടുത്താനാണ് നിലവിൽ ആലോചനകൾ നടക്കുന്നത്. അഞ്ച് വൈസ് പ്രസിഡന്റുമാരെ നിയമിക്കാനും നീക്കമുണ്ട്. സംസ്ഥാനത്തെ എംപിമാരുടെ അഭിപ്രായങ്ങൾ കൂടി കേൾക്കേണ്ടതിനാൽ ചർച്ചകൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്. ആഗസ്റ്റ് ആദ്യവാരത്തോടെ പുനഃസംഘടന പൂർത്തിയാക്കാനാണ് പാർട്ടിയുടെ ശ്രമം.

Related Articles

Back to top button