വി എം വിനുവിന് തിരിച്ചടി; പിന്നാലെ കോൺഗ്രസിൽ രാജി, വാർഡ് കൗൺസിലർ രാജിവെച്ചു

കോഴിക്കോട് കോർപറേഷൻ തിരഞ്ഞെടുപ്പിൽ ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ട സംവിധായകനുമായ വി എം വിനുവിന്റെ വാർഡിലെ കൗൺസിലർ കെ പി രാജേഷ് കുമാർ രാജിവെച്ചു. വിനുവിന്റെ പേര് വോട്ടർ പട്ടികയിൽ ഉണ്ടെന്ന് രാജേഷ് ഡിസിസിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് നേതൃത്വം കുറ്റപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജേഷിന്റെ രാജി. സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും രാജേഷിന്റെ രാജിക്കത്തിൽ പറയുന്നു. തിരഞ്ഞെടുപ്പിൽ ചുമതല ഏൽപ്പിച്ച വാർഡുകളിൽ പ്രവർത്തിക്കുമെന്നും രാജേഷ് കുമാർ അറിയിച്ചു.
വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്നാവശ്യപ്പെട്ട് വിനു ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയതിന് പിന്നാലെ വിനുവിൻറെ വീട് ഉൾപ്പെടുന്ന മലാപ്പറമ്പ് വാർഡിലെ കൗൺസിലർ രാജേഷ് സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി അറിയിച്ച് പാർട്ടി നേതൃത്വത്തിന് കത്ത് നൽകുകയായിരുന്നു. മാനസിക, സാമ്പത്തിക കാരണങ്ങളാൽ സംഘടനാ പ്രവർത്തനം തുടരാനാകാത്ത നിലയിലാണെന്നും തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണെന്നും കത്തിൽ പറയുന്നു. ജില്ലാ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത് പ്രകാരമാണ് രാജേഷിൻറെ ഈ നടപടിയെന്നും വിവരമുണ്ട്.

