കോഴിക്കോട് ഒമ്പതര കുന്നിൽ തീപിടിത്തം… അഗ്നിരക്ഷാസേന നിയന്ത്രണവിധേയമാക്കി

പെരുവയൽ ഒമ്പതര കുന്നിൽ തീപിടിത്തം. ഉച്ചയ്ക്ക് ഒരു മണിയോടെ കുന്നിൻ ഭാഗത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിൽ നിന്നും എത്തിയ രണ്ട് യൂണിറ്റുകൾ മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.
വേനൽ കടുത്തതോടെ അന്തരീക്ഷ താപനില വർദ്ധിക്കുന്നതാണ് പുല്ലുനിറഞ്ഞ കുന്നിൻ ചെരിവുകളിൽ തീ പടരാൻ കാരണമാകുന്നതെന്ന് അഗ്നിരക്ഷാസേന അധികൃതർ പറഞ്ഞു. കഴിഞ്ഞ മാസവും ഇതേ പ്രദേശത്ത് സമാനമായ രീതിയിൽ തീപിടിത്തമുണ്ടായിരുന്നു. ഇത്തവണയുണ്ടായ തീപിടിത്തത്തിൽ വലിയ തോതിൽ പുല്ലും കുറ്റിക്കാടുകളും കത്തിയമർന്നിട്ടുണ്ട്.



