കെട്ടിട നമ്പര്‍ ക്രമക്കേട്.. മുഖ്യമന്ത്രിയെ കാണാന്‍ പുറപ്പെട്ട കോണ്‍ഗ്രസ് കൗൺസിലർക്ക് പാർട്ടി വിലക്ക്
കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേടിൽ മുഖ്യമന്ത്രിയെ കാണാൻ പുറപ്പെട്ട കോൺഗ്രസ് നേതാവിനു പാർട്ടി വിലക്ക്. ഇതോടെ കോൺഗ്രസ് നേതാവും കൗൺസിലറുമായ കെ.സി. ശോഭിത സംഘത്തിൽനിന്ന് പിന്മാറി. ഇതോടെ മറ്റ് യുഡിഎഫ് അംഗങ്ങളും യാത്ര ഉപേക്ഷിച്ചു. റെയിൽവേ സ്റ്റേഷനിൽ എത്തി ട്രെയിൻ കയറാൻ നിൽക്കുന്നതിനിടെ അവസാന നിമിഷമാണ് അപ്രതീക്ഷിത വിലക്ക് വന്നത്.
കോർപറേഷനിലെ ജീവനക്കാരുടെ പാസ്‌വേഡ് ചോർത്തി മാഫിയ സംഘം നഗരത്തിലെ അനധികൃത കെട്ടിടങ്ങൾക്കു നമ്പർനൽകിയ സംഭവത്തിൽ മൂന്ന് വർഷമായിട്ടും അന്വേഷണം പൂർത്തിയായിട്ടില്ല. അന്വേഷണം നടത്തി ഉടൻ കുറ്റപത്രം സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കാണാനായിരുന്നു കോർപറേഷൻ സർവകക്ഷി സംഘം യാത്രതീരുമാനിച്ചത്.
മേയറും ഡപ്യൂട്ടി മേയറും ഉൾപ്പെട്ട സംഘത്തിൽ പ്രതിപക്ഷത്തെ പാർട്ടി നേതാക്കളും ഉൾപ്പെട്ടിരുന്നു. ഡിസിസി നേതൃത്വം വിലക്കിയതോടെ യുഡിഎഫ് നേതാക്കൾ യാത്രയിൽനിന്ന് പിന്മാറി. സർവകക്ഷി സംഘത്തിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കാണാൻ നേരത്തെ തീരുമാനം എടുത്തിരുന്നെങ്കിലും അതു നടപ്പായിരുന്നില്ല. ഇതിനേച്ചൊല്ലിയും യുഡിഎഫ് കൗൺസിലർമാർ നിരന്തരം പ്രശ്‌നം ഉന്നയിച്ചിരുന്നു. തുടർന്നാണ് ബുധനാഴ്ച സർവകക്ഷി സംഘം വീണ്ടും മുഖ്യമന്ത്രിയെ കാണാൻ തീരുമാനിച്ചത്. ഈ യാത്രയിൽനിന്നാണ് യുഡിഎഫ് അംഗങ്ങളുടെ പിൻമാറ്റം.
ഈ പിൻമാറ്റത്തിൽ വലിയ അതൃപ്തിയാണ് കോൺഗ്രസ് നേതാക്കൾക്കിടയിൽ ഉള്ളത്. തത്കാലം പോകേണ്ടതില്ല, മുഖ്യമന്ത്രിക്കെതിരെ വലിയ സമരവുമായി മുന്നോട്ട് പോകുന്നതിനിടെ ഇത്തരത്തിൽ ഒരു ആവശ്യവുമായി പോകേണ്ടതില്ലെന്നാണ് ജില്ലാ നേതൃത്വം അറിയിച്ചതെന്ന് കെ.സി. ശോഭിത പറഞ്ഞു. ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാനുള്ള ഒരു സാധ്യതയാണ് ഇതിലൂടെ ഇല്ലാതായതെന്നും കെ.സി. ശോഭിത പ്രതികരിച്ചു. തന്റെ ധാരണ തെറ്റായതിനാലാവാം പാർട്ടി തന്നെ തിരുത്തിയതെന്നും ശോഭിത പറഞ്ഞു.



