ബൈക്കിലിടിച്ച് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; കോഴിക്കോട്ടെ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട് നഗരമധ്യത്തിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് പോകുന്ന റോഡിൽ അരയിടത്തുപാലം മേൽപ്പാലം കഴിയുന്ന ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. മേൽപ്പാലം അവസാനിക്കുന്നതിന്‍റെ സമീപത്ത് വെച്ച് ബസ് നിയന്ത്രണം വിട്ട് ബാരിക്കേഡും തകര്‍ത്ത് മറിഞ്ഞു വീഴുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബസിൽ നിന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ തെറിച്ച് പുറത്തേക്ക് വീഴുകയായിരുന്നു.
നാട്ടുകാര്‍ ഉടൻ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി. ഫയര്‍ഫോഴ്സും പൊലീസും ഉടൻ തന്നെസ്ഥലത്തെത്തി. കാറിനെ മറികടന്ന് പോകുന്ന ബൈക്കിൽ ബസ് ഇടിച്ചതോടെയാണ് നിയന്ത്രണം നഷ്ടമായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ബൈക്ക് യാത്രക്കാരൻ കാറിന് മുന്നിലേക്കാണ് വീണത്. അപകടത്തിൽ ബൈക്ക് യാത്രക്കാരന്‍റെ തുടയെല്ലിന് ഉള്‍പ്പെടെ ഗുരുതര പരിക്കേറ്റിട്ടുണ്ടെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തിൽ ബൈക്കും തകര്‍ന്നു. ബൈക്കിലിടിച്ചതോടെ നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നുവെന്നും സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു.
അതേസമയം, അപകടകാരണം പരിശോധിക്കുകയാണെന്നും ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുമെന്നും കോഴിക്കോട് ഡിസിപി അരുണ്‍ കെ പവിത്രൻ പറഞ്ഞു. മെഡിക്കൽ കോളേജിലും ബേബി മെമ്മോറിയൽ ആശുപത്രിയിലുമാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്. ബസിൽ 50ലധികം പേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. ബേബി മെമ്മോറിൽ ആശുപത്രിയിൽ 42 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. 11 പേര്‍ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.