സുഹൃത്തുക്കൾക്കൊപ്പം കോവളത്തെത്തി..സ്കൂട്ടർ തിരിക്കുമ്പോൾ ചെന്ന് പതിച്ചത്…
കോവളം ബീച്ചിനടുത്ത് സ്കൂട്ടർ തിരിക്കുന്നതിനിടെ വെങ്ങാനൂർ സ്വദേശി കിണറ്റിലേക്ക് വീണു. റോഡിന് സമീപം ആൾ മറയില്ലാത്ത കിണറിനുള്ളിലേക്ക് സ്കൂട്ടർ സഹിതം വീണെങ്കിലും ആഴം കുറവായിരുന്നതനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് ഉണ്ടായ അപകടത്തിൽ വെങ്ങാനൂർ സ്വദേശിയെ ചന്ദ്രമോഹൻ ആണ് കഷ്ടിച്ച് രക്ഷപ്പെട്ടത്. വിഴിഞ്ഞത്ത് നിന്ന് എത്തിയ ഫയർഫോഴ്സ് ആളിനെ ഏണിയുടെ സഹായത്താൽ പുറത്തെത്തിക്കുകയായിരുന്നു
സുഹൃത്തുക്കൾക്കൊപ്പം കോവളത്തെത്തിയ ചന്ദ്രമോഹൻ മടങ്ങുന്നതിനായി വാഹനത്തിലിരുന്ന് തിരിക്കുമ്പോൾ തകര ഷീറ്റും മറ്റും ഇട്ട് താൽക്കാലികമായി മൂടിയിരുന്ന ആൾ മറയില്ലാത്ത കിണറിനുള്ളിലേക്ക് വാഹനത്തിന്റെ പിൻചക്രം അകപ്പെട്ട് നേരെ താഴേക്ക് പതിക്കുകയായിരുന്നു. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ തലയ്ക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാലങ്ങളായി ഉപയോഗിക്കാതെ കിടന്ന കിണറ്റിനുള്ളിൽ മാലിന്യം ഉൾപ്പെടെ നിറഞ്ഞ അവസ്ഥയിലായിരുന്നെങ്കിലും വെള്ളമുണ്ടായിരുന്നില്ലെന്നതിനാൽ അപകടം ഒഴിവായി.
പ്രവർത്തനം ഇല്ലാതെ പൂട്ടിയിട്ട നിലയിലുള്ള ഹോട്ടലിനോട് അനുബന്ധിച്ച് ആണ് കിണറുള്ളത്. കോവളം ബീച്ചിലേക്ക് എപ്പോഴും തിരക്കുള്ള പാതയോരത്താണ് ആൾമറ ഇല്ലാത്ത അപകട ഭീഷണി ഉയർത്തുന്ന കിണർ. കിണർ അടിയന്തിരമായി മൂടുകയോ മേൽമൂടി സ്ഥാപിക്കുക ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു