മദ്യലഹരിയിൽ മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തി; പൊലീസ് എത്തി ആശുപത്രിയിലെത്തിച്ചു

മദ്യലഹരിയിൽ ഗൃഹനാഥൻ മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തി വീട്ടിൽ നിന്ന് ഓടിപ്പോയ സംഭവം ആശങ്കയുണർത്തി. കോട്ടയം ജില്ലയിലെ വേളൂർ ഭാഗത്താണ് സംഭവം നടന്നത്. ഒടുവിൽ പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ രാത്രി ഏകദേശം 9.30ഓടെ വീട്ടിൽ ഒരാൾ മദ്യപിച്ച് ബഹളം വെയ്ക്കുന്നുവെന്ന വിവരം നാട്ടുകാർ വെസ്റ്റ് പൊലീസിനെ അറിയിച്ചു.
എസ്.ഐ. ജയകുമാറും സി.പി.ഒ. പ്രതാപനും സ്ഥലത്തെത്തുമ്പോഴേക്കും ഗൃഹനാഥൻ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തിയ നിലയിലായിരുന്നു. തുടർന്ന് ഇയാൾ വീട്ടിൽ നിന്ന് പുറത്തേക്ക് ഓടിപ്പോയി. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ ഇയാളെ കണ്ടെത്തി ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇയാൾക്ക് 40 ശതമാനത്തിലധികം പൊള്ളലേറ്റതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ടൈൽ പണിക്കാരനായ ഇയാൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുകയായിരുന്നുവെന്നും വീട് ജപ്തി ഭീഷണിയിലായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.




