‘സർക്കാരും ജനങ്ങളും ഞങ്ങളെ ചേർത്തുനിർത്തി… മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന്…
‘സർക്കാരും ജനങ്ങളും ഞങ്ങളെ ചേർത്തുനിർത്തി. ഒരുപാട് നന്ദിയുണ്ട്.’ ഇടറിയ ശബ്ദത്തിൽ തലയോലപ്പറമ്പ് മേപ്പത്തുകുന്നേൽ കെ.വിശ്രുതൻ കൈകൂപ്പി. 84 ദിവസങ്ങൾക്കുമുമ്പാണ് വിശ്രുതന്റെ കുടുംബത്തിന്റെ നെടുംതൂണായിരുന്ന ഡി.ബിന്ദുവിനെ മരണം കവരുന്നത്.
ഭാര്യയുടെ മരണം ഉൾക്കൊള്ളാൻ വിശ്രുതനും അമ്മയുടെ മരണം ഉൾക്കൊള്ളാൻ മക്കളായ നവനീതിനും നവമിക്കും മകളുടെ മരണം ഉൾക്കൊള്ളാൻ അമ്മ സീതാലക്ഷ്മിക്കും ഇതുവരെയും കഴിഞ്ഞിട്ടില്ല. പഠനത്തിൽ മികവ് പുലർത്തുന്ന മക്കളെ പഠിപ്പിച്ച് ഉയർന്ന സ്ഥാനങ്ങളിൽ എത്തിക്കണം. വീട് പുതുക്കിപ്പണിയണം. ഇതായിരുന്നു ബിന്ദുവിന്റെ ആഗ്രഹങ്ങൾ. വിശ്രുതൻ പറഞ്ഞു. കാലം മറ്റൊന്നാണ് ബിന്ദുവിന്റെ കുടുംബത്തിനുമേൽ കരുതിവെച്ചത്. നവമിയുടെ നട്ടെല്ലിന്റെ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയ ബിന്ദു കെട്ടിടം തകർന്നുവീണ് മരിക്കുന്നത് കഴിഞ്ഞ ജൂലായ് മൂന്നിനായിരുന്നു.
ബിന്ദുവിന്റെ മരണം വലിയ വിവാദങ്ങൾക്കാണ് തുടക്കമിട്ടത്. ബിന്ദുവിന്റെ മരണത്തിന് ശേഷമാണ് ഇവരുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് അടുത്ത സുഹൃത്തുക്കൾ പോലും അറിയുന്നത്. പല സഹായഹസ്തങ്ങളും ബിന്ദുവിന്റെ കുടുംബത്തിനുണ്ടായി. വീടിന്റെ പണികൾ സർക്കാർ ഏറ്റെടുത്തു.
കഴിഞ്ഞ ചിങ്ങം ഒന്നിന് പണികൾ ആരംഭിച്ച് ദിവസങ്ങൾകൊണ്ട് നിർമാണം പൂർത്തിയാക്കി. വെള്ളിയാഴ്ച വൈകീട്ട് ആറിന് മന്ത്രി ആർ.ബിന്ദു താക്കോൽദാനം നിർവഹിക്കും. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷതവഹിക്കും. അപകടത്തിന്റെ വേദനയിൽ സർക്കാരും നാടും ബിന്ദുവിന്റെ കുടുംബത്തെ ചേർത്തുനിർത്തിയതോടെയാണ് ഒരു മാസംകൊണ്ട് വീട് നിർമാണം പൂർത്തിയാകുന്നത്.