കൊട്ടാരക്കര ഗണപതി ക്ഷേത്രം പ്രസാദ വിവാദം.. വീണ്ടും അനധികൃത പ്രസാദ നിർമാണം കണ്ടെത്തി.. കെട്ടിടം പൂട്ടി
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വീണ്ടും അനധികൃത പ്രസാദ നിർമാണം കണ്ടെത്തി. ഇന്നലെയുണ്ടായ സംഭവത്തിന് പിന്നാലെയാണ് വീണ്ടും അനധികൃത കരിപ്രസാദ നിർമ്മാണം കണ്ടെത്തിയിരിക്കുന്നത്. ദേവസ്വം ബോർഡ് കോർട്ടേഴ്സിന് മുകളിലാണ് കറുത്ത പൊടി അടക്കം ഉപയോഗിച്ച് കരി പ്രസാദം തയ്യാറാക്കിയിരുന്നത്. ശാന്തിമാർ താമസിക്കുന്ന കോർട്ടേഴ്സിന് മുകളിലാണ് സംഭവം. ബിജെപി, ഹിന്ദു ഐക്യവേദി പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധിച്ചു. പൊലീസ് പരിശോധന നടത്തി. ദേവസ്വം എഒയും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഗണപതി ഹോമത്തിൻ്റെ ദ്രവ്യങ്ങൾ ഉപയോഗിച്ച് നിർമ്മിക്കേണ്ട കരിപ്രസാദമാണ് കവറുകളിലാക്കിയ കറുത്ത പൊടി ഉപയോഗിച്ച് നിർമ്മിച്ചിരുന്നത്. ഇന്നലെ ക്ഷേത്രത്തിന് സമീപത്തെ വാടക വീട്ടിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ അനധികൃത പ്രസാദ നിർമ്മാണം കണ്ടെത്തിയിരുന്നു, പൊലീസിന്റെ സാന്നിധ്യത്തിൽ കെട്ടിടം പൂട്ടി.