കൊട്ടാരക്കര ഗണപതി ക്ഷേത്രഭൂമി നഗരസഭയ്ക്ക് നൽകാനാവില്ല…. സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്ര പരിസരത്തെ 31.8 സെന്റ് ഭൂമി സാംസ്കാരിക നിലയം നിർമ്മിക്കാനായി നഗരസഭയ്ക്ക് പാട്ടത്തിന് നൽകാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. റവന്യൂ വകുപ്പിന്റെ ഉത്തരവിനെതിരെ ഹിന്ദു ഐക്യവേദി ഭാരവാഹികൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ. വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ നടപടി.

തർക്കത്തിലുള്ള ഭൂമി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന ഹർജിക്കാരുടെ വാദം കോടതി ഗൗരവകരമായി എടുത്തു. 1922 മുതൽ ഭൂമി ദേവസ്വത്തിന്റെ കൈവശമാണെന്ന രേഖകളും ഹർജിക്കാർ ഹാജരാക്കിയിരുന്നു. ഭൂമിക്കുമേൽ അവകാശം ഉന്നയിച്ച് 2024-ൽ ദേവസ്വം ബോർഡ് സർക്കാരിന് അപേക്ഷ നൽകിയിരുന്ന കാര്യം കോടതി ശ്രദ്ധിച്ചു. വിഷയത്തിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. സർക്കാർ, കൊട്ടാരക്കര നഗരസഭ, ദേവസ്വം ബോർഡ് എന്നിവരോട് കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് മെയ് 19-ന് വീണ്ടും പരിഗണിക്കും.

വിപണി വിലയുടെ 2.5 ശതമാനം വാർഷിക വാടകയ്ക്ക് മൂന്ന് വർഷത്തേക്ക് ഭൂമി നഗരസഭയ്ക്ക് പാട്ടത്തിന് നൽകാനായിരുന്നു ഫെബ്രുവരി 20-ലെ സർക്കാർ ഉത്തരവ്. ഇത് റവന്യൂ ഭൂമിയാണെന്നായിരുന്നു സർക്കാരിന്റെയും നഗരസഭയുടെയും വാദം. എന്നാൽ ക്ഷേത്ര ഭൂമി വിട്ടുനൽകില്ലെന്ന ഉറച്ച നിലപാടിലാണ് വിശ്വാസികൾ.

Related Articles

Back to top button