ഉറക്കത്തിൽ കാലിൽ എന്തോ തട്ടിയതുപോലെ തോന്നി, ഉണര്‍ന്നപ്പോൾ കണ്ടത് കട്ടിംഗ് പ്ലെയറും ആൾരൂപവും…
ആൾതാമസമുള്ള വീടുകളുടെ വാതിലുകളും ജനൽ വാതിലുകളും കുത്തിപ്പൊളിച്ച് മോഷണം നടത്തിയിരുന്ന തമിഴ്നാട് നീലഗിരി സ്വദേശിയായ കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് ജോസ് മാത്യു എന്ന എരുമാട് ജോസിനെ (52) കോഴിക്കോട് നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടി. മലപ്പുറം ഡിവൈഎസ്പി കെഎം ബിജുവിൻ്റെയും കോട്ടക്കൽ ഇൻസ്പെക്ടർ പി. സംഗീതിൻ്റെയും നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 11-ന് പുലർച്ചെ കോട്ടക്കൽ എടരിക്കോട് പനക്കൽ കുണ്ടിലുള്ള മമ്മദിന്റെ വീട്ടിലുണ്ടായ കവർച്ചയെ തുടർന്നാണ് ജോസ് മാത്യുവിനെക്കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമായത്. വീടിൻ്റെ മുൻവശത്തെ വാതിൽ പ്രത്യേക ആയുധങ്ങളുപയോഗിച്ച് കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാവ് മുകൾനിലയിലെ കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മമ്മദിന്റെ ഭാര്യ സിസിലയുടെ കാലിലെ രണ്ട് പവൻ തൂക്കമുള്ള സ്വർണ്ണ പാദസരം കട്ടിംഗ് പ്ലെയർ ഉപയോഗിച്ച് മുറിച്ചെടുക്കുകയായിരുന്നു. രണ്ടാമത്തെ പാദസരം എടുക്കുന്നതിനിടെ സിസില ഉണര്‍ന്ന് ബഹളം വെച്ചതോടെ പ്രതി വീട്ടിൽനിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു