സുനാമി ബാധിതർക്കായി നിർമിച്ച വീടിന്റെ മുകളിലത്തെ മുറിയിൽ കയറിയ വാതിൽ പൂട്ടി….ശരീരത്തിൻ്റെ എൺപത് ശതമാനത്തിലേറെ…..
അഴീക്കലില്‍ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതിയും മരിച്ചു. അഴീക്കൽ പുതുവൽവീട്ടിൽ ഷൈജാ മോളാണ് (41) മരിച്ചത്. ഗുരുതമായി പരുക്കേറ്റ ഇവർ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. തീ കൊളുത്തിയ കോട്ടയം പാല സ്വദേശി ഷിബു ചാക്കോ ഇന്നലെ രാത്രി മരിച്ചിരുന്നു.
ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. ഷൈജാ മോളും അച്ഛനും അമ്മയും താസിക്കുന്ന വീട്ടില്‍ എത്തിയാണ് ഷിബു ചാക്കോ കൃത്യം നടത്തിയത്. സുനാമി ബാധിതർക്കായി നിർമിച്ച വീടിന്റെ മുകളിലത്തെ മുറിയിൽ കയറിയ ഷിബു വാതിൽ പൂട്ടുകയായിരുന്നു. മാതാപിതാക്കളുടെ നിലവിളി കേട്ടാണ് സമീപവാസികള്‍ എത്തുന്നത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ഉടൻ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഇന്നലെത്തന്നെ ഷിബു മരിച്ചിരുന്നു. ശരീരത്തിൻ്റെ എൺപത് ശതമാനത്തിലേറെ പൊള്ളലേറ്റ ഷൈജാ മോളെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഏറെക്കാലം ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നു. വിസ തട്ടിപ്പും സാമ്പത്തിക ക്രമക്കേടുകളടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഷിബു ചാക്കോ. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതി നാലുവർഷം മുൻപാണ് ഷിബു ചാക്കോയോടൊപ്പം താമസം ആരംഭിച്ചത്. ഷിബുവിൻ്റെ പേരിലുള്ള കേസുകളെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും അകൽച്ചയിലാവുകയും ചെയ്തതായി പോലീസ് പറയുന്നു.
വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസിൽ ഷൈജയും ഷിബുവും ജയിലിൽ ആയിരുന്നു. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ഷിബു മറ്റൊരിടത്ത് താമസിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് ഇയാൾ വീട്ടിൽ തിരിച്ചെത്തുകയും ഷൈജയുമായി തർക്കമുണ്ടായി. വാഗ്വാദം മൂർച്ഛിച്ചതോടെ ഇയാള്‍ ഷൈജയുടെ തലയിലൂടെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. തുടർന്ന് സ്വയം ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയും ആയിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ ഓച്ചിറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.