നിലമേല്‍ സ്കൂൾ ബസ് അപകടം; സ്കൂളിന്‍റെ ഭാഗത്ത് അനാസ്ഥ, ഷോക്ക് അബ്സോർബർ ഇരുമ്പ് കമ്പിയില്‍ കെട്ടിവെച്ച നിലയിലെന്ന് മോട്ടോര്‍ വാഹന വകുപ്പ്
കൊല്ലം നിലമേൽ മാറാൻകുഴിയിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ട സംഭവത്തില്‍ ബസ് മോശം അവസ്ഥയിലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഷോക്ക് അബ്സോർബർ ഇരുമ്പ് കമ്പി ഉപയോഗിച്ച് കെട്ടിവെച്ച നിലയിലാണെന്ന് റിപ്പോര്‍ട്ട്. സ്കൂളിന്‍റെ ഭാഗത്ത് അലംഭാവം ഉണ്ടായെന്ന് കൊല്ലം എൻഫോഴ്സ്മെന്‍റ് ആർടിഒ എ കെ ദിലു വ്യക്തമാക്കി. നിലമേൽ മാറാൻകുഴിയിലാണ് സ്കൂൾ ബസ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ 22 വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും ബസിലുണ്ടായിരുന്ന ആയയ്ക്കും പരിക്കേറ്റിട്ടുണ്ട്. കിളിമാനൂർ പാപ്പാല വിദ്യാജ്യോതി സ്കൂളിലെ ബസാണ് താഴ്ചയിലേക്ക് മറിഞ്ഞത്.
അപകടത്തില്‍പെട്ട ആരുടെയും പരിക്ക് ഗുരുതരമല്ല. തട്ടത്തുമല – വട്ടപ്പാറ റോഡിൽ കയറ്റം കയറുന്നതിനിടെ ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് കുട്ടികളെയും ഡ്രൈവറെയും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 18 കുട്ടികളെയും ആയയെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭൂരിഭാഗം പേരും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീടുകളിലേക്ക് മടങ്ങി. ഒരു കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് കുട്ടികളെ സന്ദർശിച്ച മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി.