ഓച്ചിറയിലെ വാഹനാപകടം.. മരിച്ചത് അച്ഛനും മക്കളും.. ഭാര്യാ സഹോദരനെ വിമാനത്താവളത്തിലാക്കി മടങ്ങുന്നതിനിടെ…

കൊല്ലം ഓച്ചിറയില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും ഥാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് അച്ഛനും മക്കളും. തേവലക്കര സ്വദേശിയായ പ്രിന്‍സ് തോമസ് (44), മക്കളായ അതുല്‍ (14), അല്‍ക്ക (അഞ്ച്) എന്നിവരാണ് മരിച്ചത്. പ്രിന്‍സിന്റെ ഭാര്യ ബിന്ദ്യ, മകള്‍ ഐശ്വര്യ എന്നിവര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഐശ്വര്യയുടെ നില ഗുരുതരമാണ്.

ഇന്ന് പുലര്‍ച്ചെ 6.15ന് ഓച്ചിറ വലികുളങ്ങരയില്‍വെച്ചാണ് അപകടമുണ്ടായത്. അമേരിക്കയിലേക്ക് പോകുകയായിരുന്ന ബിന്ദ്യയുടെ സഹോദരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാക്കി മടങ്ങുകയായിരുന്നു കുടുംബം. ഇതിനിടെയാണ് കരുനാഗപ്പള്ളിയില്‍ നിന്ന് ചേര്‍ത്തല ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചത്.

അമിതവേഗതയില്‍ എത്തിയ ഥാര്‍ കെഎസ്ആര്‍ടിസിയിലേക്ക് നേരെ ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിയുടെ മുന്‍ചക്രങ്ങൾ തെറിച്ചുപോയി. ഥാര്‍ പൂര്‍ണമായും തകര്‍ന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് പ്രിന്‍സിനേയും കുടുംബത്തേയും പുറത്തെടുത്തത്. പ്രിന്‍സ് സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു. കെഎസ്ആര്‍ടിസി ബസില്‍ ഉണ്ടായിരുന്ന 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഓച്ചിറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രിന്‍സ് ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തേവലക്കരയില്‍ കച്ചവടം നടത്തിവന്നിരുന്ന ആളാണ് പ്രിന്‍സ്. മരിച്ച അതുല്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അല്‍ക്ക എല്‍കെജി വിദ്യാര്‍ത്ഥിനിയാണ്. പരിക്കേറ്റ ഐശ്വര്യ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്.

Related Articles

Back to top button