പൊലീസുകാരൻ ചട്ടിയിലിട്ട് വറുത്ത വെടിയുണ്ട പൊട്ടിത്തെറിച്ചു.. അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പൊലീസ് കമ്മിഷണർ…

പൊലീസ് ഉദ്യോ​ഗസ്ഥൻ വെടിയുണ്ട ചട്ടിയിലിട്ട് വറുത്തതിന് പിന്നാലെ പൊട്ടിത്തെറിച്ച സംഭവത്തിൽ അന്വേഷണം. എറണാകുളം എആർ ക്യാംപിൽ നടന്ന സംഭവത്തിൽ അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാനാണ് സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ ഉത്തരവിട്ടത്. എറണാകുളം എആർ ക്യാംപിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസർവ് സബ് ഇൻസ്പെക്ടർ സി.വി.സജീവിനെതിരെയാണ് അന്വേഷണം. ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാരങ്ങൾക്ക് ആകാശത്തേക്കു വെടിവയ്ക്കാൻ ഉപയോഗിക്കുന്ന ഉണ്ടകളാണ് പൊലീസ് ഉദ്യോ​ഗസ്ഥൻ ചട്ടിയിലിട്ട് വറുത്തതും പൊട്ടിത്തെറിച്ചതും.

ബ്ലാങ്ക് അമ്യൂണിഷൻ എന്നാണ് ഇത്തരം വെടിയുണ്ടകൾ അറിയപ്പെടുന്നത്. ​പിച്ചള കാട്രിജിനുള്ളിൽ വെടിമരുന്നു നിറച്ചാണു ഇത്തരം വെടിയുണ്ടകളും നിർമ്മിക്കുന്നത്. എന്നാൽ, വെടിയുതിർക്കുമ്പോൾ കാട്രിജിൽ നിന്നു വേർപെട്ടു മുന്നോട്ടു പായുന്ന കൂർത്ത ഈയ ഭാഗം (ബുള്ളറ്റ്) ബ്ലാങ്ക് അമ്യൂണിഷനിൽ ഉണ്ടാകില്ല. അതിനാൽ കാഞ്ചി വലിക്കുമ്പോൾ വെടിയുണ്ട പുറത്തേക്ക് പോകാതെ ശബ്ദവും തീയും പുകയും മാത്രമേ ഉണ്ടാകൂ. ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാരങ്ങൾക്ക് ആകാശത്തേക്കു വെടിവയ്ക്കാനാണ് ഇവ ഉപയോ​ഗിക്കുന്നത്.

ഈ മാസം 10നാണ് പൊലീസ് ഉദ്യോ​ഗസ്ഥൻ വെടിയുണ്ടകൾ ചട്ടിയിലിട്ട് വറുത്തതും പൊട്ടിത്തെറിച്ചതും. ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ സംസ്കാരച്ചടങ്ങുകൾക്കായി ഉണ്ടകൾ എടുത്തപ്പോഴായിരുന്നു സംഭവം. ആയുധപ്പുരയുടെ (ബെൽ ഓഫ് ആംസ്) ചുമതലയുള്ള ഉദ്യോഗസ്ഥർ ബ്ലാങ്ക് അമ്യൂണിഷൻ വെയിലത്തു വച്ചു ചൂടാക്കിയ ശേഷം വൃത്തിയാക്കിയാണു സാധാരണ ഉപയോഗിക്കാറുള്ളത്. എന്നാൽ, രാവിലെ സംസ്കാര ചടങ്ങിനു പോകാൻ ആവശ്യപ്പെട്ടപ്പോഴാണു ചൂടാക്കി വൃത്തിയാക്കാത്തതിനാൽ ഉണ്ടകൾ ക്ലാവു പിടിച്ച് ഉപയോഗശൂന്യമായതു ശ്രദ്ധയിൽപെട്ടത്. ഇതോടെ, പെട്ടെന്നു ചൂടാക്കിയെടുക്കാനായി ഉണ്ടകൾ ക്യാംപ് മെസിലെ അടുക്കളയിലെത്തിച്ച് ചട്ടിയിലിട്ടു വറുക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.

വെടിമരുന്നിനു തീ പിടിച്ചതോടെ ഉണ്ടകൾ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഗ്യാസ് സിലിണ്ടറും വിറകും ഉൾപ്പെടെ അടുക്കളയിൽ സൂക്ഷിച്ചിരുന്നു. തലനാരിഴയ്ക്കാണ് അടുക്കളയിൽ വൻ തീപിടിത്തം ഒഴിവായത്. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും വീടുകളുമുള്ള തിരക്കേറിയ മേഖലയിലാണ് ഗുരുതരമായ സുരക്ഷാവീഴ്ച ഉണ്ടായത്.

Related Articles

Back to top button