13കാരനായുള്ള തെരച്ചിൽ തുടരുന്നു..സിസിടിവി ദൃശ്യങ്ങൾ പുറത്ത്..കുട്ടിയെ കണ്ടത്…
കൊച്ചി ഇടപ്പള്ളിയിൽ കാണാതായ പതിമൂന്നുകാരനായുള്ള തെരച്ചിൽ തുടരുന്നു. കടവന്ത്ര സ്വദേശി മുഹമ്മദ് ഷിഫാനെയാണ് ഇന്നലെ പുലർച്ചെ മുതൽ കാണാതായത്. ഇന്നലെ രാവിലെ സ്കൂളിൽ സേ പരീക്ഷ എഴുതാൻ പോയ ഷിഫാൻ ഉച്ചയായിട്ടും തിരികെ എത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ എളമക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു. നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ആണ് പോലീസ് അന്വേഷണം.
സ്കൂളിൽ നിന്ന് കുട്ടി പുറത്ത് ഇറങ്ങുന്നതും ഇടപ്പള്ളി ലുലു മാളിന് സമീപത്തെ റോഡിലൂടെ നടന്നു പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. വീട്ടുകാരുമായി പ്രശ്നം ഉണ്ടായിരുന്നില്ലെന്നും കുട്ടിയുടെ സ്വഭാവത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നില്ലെന്നും അച്ഛൻ പറഞ്ഞു. കാണാതാകുമ്പോൾ കുട്ടി സ്കൂൾ യൂണിഫോമിലായിരുന്നു. ചെറിയ ബ്ലാക്ക് കളർ ഷോൾഡർ ബാഗും ധരിച്ചിരുന്നു. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9633020444 എന്ന നമ്പറിലോ ബന്ധപ്പെടാൻ പോലീസ് നിർദ്ദേശം നൽകി.