കൊച്ചി മെട്രോയിൽ അവസരം, അമ്പരപ്പിക്കുന്ന ശമ്പളം!
മെട്രോയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ എം ആർ എൽ) എക്സിക്യൂട്ടീവ് (സിവിൽ) വാട്ടർ ട്രാൻസ്പോർട്ട് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഈ കാലയളവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കരാർ രണ്ട് വർഷത്തേയ്ക്ക് കൂടി നീട്ടാവുന്നതാണ്. ആകെ മൂന്ന് ഒഴിവുകളാണുള്ളത്.
ഉദ്യോഗാർത്ഥികൾക്കുള്ള പ്രായപരിധി 32 വയസാണ്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ സിവില്‍ എഞ്ചിനീയറിംഗില്‍ ബി.ടെക് / ബി.ഇ ആണ് ആവശ്യമായ യോഗ്യത. അപേക്ഷകർക്ക് അടിസ്ഥാന സൗകര്യ പദ്ധതികളുടെ സിവില്‍ നിര്‍മ്മാണത്തില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷന്‍ പരിചയം, സൈറ്റ് മേല്‍നോട്ടത്തിലും ബില്‍ തയ്യാറാക്കലിലും കരാര്‍ മാനേജ്മെന്റിലും അറിവ്, അല്ലെങ്കില്‍ സമുദ്ര / കടല്‍ത്തീര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഡ്രെഡ്ജിംഗ്, നാവിഗേഷന്‍ ചാനല്‍ വികസനം എന്നിവയില്‍ പരിചയം എന്നിവ ഉണ്ടായിരിക്കണം. 2025 മാർച്ച് 19 ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി.
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ ഫോമിന്റെ ലിങ്ക് കെഎംആർഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ഫാക്സ്, ഇ-മെയിൽ ഉൾപ്പെടെ മറ്റേതെങ്കിലും മാർഗങ്ങളിലൂടെ സമർപ്പിക്കുന്ന അപേക്ഷകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സമയ പരിധിയ്ക്ക് ശേഷമോ ആവശ്യമായ രേഖകളില്ലാതെയോ ലഭിക്കുന്ന അപേക്ഷകളും പരിഗണിക്കില്ല. സപ്പോർട്ടിഗ് ഡോക്യുമെന്റുകളുടെ സ്കാൻ ചെയ്ത പകർപ്പ് അപേക്ഷയ്ക്കൊപ്പം അപ്ലോഡ് ചെയ്യണം.