കൊച്ചി മേയർ പ്രഖ്യാപനം, കോൺഗ്രസിൽ പൊട്ടിത്തെറി

കൊച്ചി മേയർ സ്ഥാനം വി കെ മിനിമോൾക്കും ഷൈനി മാത്യുവിനും രണ്ടര വർഷം വീതം പങ്കുവച്ചുള്ള ഡി സി സി പ്രഖ്യാപനം വന്നതിന് പിന്നാലെ നിലപാട് കടുപ്പിച്ച് ദീപ്തി വിഭാഗം. മേയർ സ്ഥാനം ദീപ്തി മേരി വർഗീസിന് ലഭിക്കാത്തതിൽ കടുത്ത പ്രതിഷേധത്തിനാണ് ദീപ്തി അനുകൂലികളുടെ ആലോചന. പ്രതിഷേധം പരസ്യമാക്കിക്കൊണ്ട് ദീപ്തി തന്നെ കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫിന് പരാതി നൽകിക്കഴിഞ്ഞു. തന്നെ ഒഴിവാക്കാൻ ബോധപൂർവം ശ്രമം നടന്നെന്നാണ് ദീപ്തിയുടെ പരാതി. മേയറെ നിശ്ചയിച്ചത് കെ പി സി സി മാനദണ്ഡങ്ങൾ മറികടന്നാണ്. രഹസ്യ വോട്ടെടുപ്പ് നടത്തിയില്ല. ജില്ലയ്ക്ക് പുറത്തു നിന്നുള്ള നേതാക്കൾ വോട്ടെടുപ്പിന് വന്നില്ല. ഡി സി സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് അടക്കം ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ തനിക്കെതിരെ പ്രവർത്തിച്ചെന്നു ദീപ്തിയുടെ പരാതിയിലുണ്ട്. ഡി സി സി ഭാരവാഹികൾ ഉൾപ്പെടെ രാജി വയ്ക്കാനാണ് ദീപ്തി അനുകൂലികളുടെ ആലോചന.



