10,000 കിട്ടാതെ വണ്ടി കിട്ടില്ല! സ്റ്റേഷനിൽവെച്ച് കൈപ്പറ്റിയത്… എസ്‌ഐ അറസ്റ്റിൽ..

കൈക്കൂലി വാങ്ങുന്നതിനിടെ എസ്‌ഐ അറസ്റ്റില്‍. കൊച്ചി മരട് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഗോപകുമാറിനെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി പതിനായിരം രൂപയാണ് എസ്‌ഐ കൈക്കൂലിയായി ആവശ്യപ്പെട്ടത്. തുടര്‍ന്ന് സ്റ്റേഷനില്‍വെച്ച് കൈക്കൂലി വാങ്ങിയതിന് പിന്നാലെ വിജിലന്‍സ് സംഘം ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.

ഒരു കേസില്‍ കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുകിട്ടണമെങ്കില്‍ തനിക്ക് പതിനായിരം രൂപ നല്‍കണമെന്നാണ് വാഹന ഉടമയോട് എസ്‌ഐ പറഞ്ഞിരുന്നത്. പണം കിട്ടാതെ ഒരിക്കലും വാഹനം വിട്ടുതരില്ലെന്നും എസ്‌ഐ ഉറപ്പിച്ചുപറഞ്ഞിരുന്നു. ഇതോടെയാണ് വാഹന ഉടമ വിജിലന്‍സിനെ സമീപിച്ചത്. തുടര്‍ന്ന് വിജിലന്‍സ് സംഘം കൈമാറിയ നോട്ടുകളുമായി വാഹന ഉടമ മരട് സ്‌റ്റേഷനിലെത്തി. ഇദ്ദേഹം എസ്‌ഐ ഗോപകുമാറിന് പണം കൈമാറിയതിന് പിന്നാലെ വിജിലന്‍സ് സംഘം എസ്‌ഐയെ വളയുകയും കൈയോടെ പിടികൂടുകയുമായിരുന്നു.മരട് സ്റ്റേഷനുമായി ബന്ധപ്പെട്ട് നേരത്തേയും പല പരാതികളുയര്‍ന്നിരുന്നു. ഇതിനിടെയാണ് കൈക്കൂലിക്കേസില്‍ എസ്‌ഐയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എസ്‌ഐ ഗോപകുമാറിന്റെ വീട്ടിലടക്കം പരിശോധന നടത്തുമെന്നും വിജിലന്‍സ് പറഞ്ഞു.

Related Articles

Back to top button