’25 വർഷമായി പൊതുരംഗത്ത് പ്രവർത്തിക്കുന്നു.. ലൈംഗിക ആരോപണ കേസുകളിൽ ഇരകൾക്കുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്ന സാമൂഹ്യപ്രവർത്തകനാണ് ഞാൻ….

സിപിഎം നേതാവ് കെ.ജെ. ഷൈനിനുനേരേ സൈബർ അധിക്ഷേപം നടത്തിയെന്ന കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി യൂട്യൂബറും അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെ.എം.ഷാജഹാൻ. തന്റെ വാദങ്ങൾ കോടതി അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ ഷാജഹാൻ ഒരു കുറ്റവും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പറഞ്ഞു.

’25 വർഷമായി പൊതുരംഗത്ത് പ്രവർത്തിക്കുന്നുണ്ട്. ലൈംഗിക ആരോപണ കേസുകളിൽ നിരന്തരമായി ഇരകൾക്കുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്ന സാമൂഹ്യപ്രവർത്തകനാണ് ഞാൻ. വിഎസിനൊപ്പം നിൽക്കുമ്പോൾ, ഐസ്‌ക്രീം പാർലർ, വിതുര കേസ്, കിളിരൂർ തുടങ്ങിയ കേസുകളിലെല്ലാം ഇരകൾക്കുവേണ്ടിയാണ് പോരാടിയത്. ഏറ്റവും അവസാനമായി വേടന്റെ കേസിലും ഇരയ്‌ക്കൊപ്പമുള്ള നിലപാടാണ് സ്വീകരിച്ചത്. അതുകൊണ്ട് തന്നെ എനിക്കെതിരെ സ്ത്രീത്വത്തെ ആക്ഷേപിച്ചുവെന്ന വാദം ഒരിടത്തും നിലനിൽക്കില്ല. പൊതുമണ്ഡലത്തിലും ഇപ്പോൾ കോടതിയിലും നിലനിൽക്കില്ലെന്ന് തെളിഞ്ഞു’ ഷാജഹാൻ പറഞ്ഞു.

അടിസ്ഥാനമില്ലാത്ത വകുപ്പുകളാണ് തനിക്കെതിരെ ചുമത്തിയതെന്ന് വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മർദ്ദത്തിലാക്കാനാണ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കുടുംബത്തെയും സമർദ്ദത്തിലാക്കാൻ ശ്രമം നടന്നു. ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് ആരും വിചാരിക്കേണ്ട. 300 ഓളം ഭീഷണി കോളുകൾ വന്നിട്ടുണ്ട്. ഒരാളേയും താൻ ആക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ യൂട്യൂബ് ചാനലിൽ ഏകദേശം 2000 വീഡിയോകൾ ചെയ്തിട്ടുണ്ടെന്നും, അതിൽ 25% ഭരണകൂടത്തിലെ പ്രമുഖർക്കെതിരെയായിരുന്നുവെന്നും ഷാജഹാൻ പറഞ്ഞു. ഇതാദ്യമായാണ് തനിക്കെതിരെ ഒരു കേസ് വരുന്നതെന്നും, തെളിവുകളുടെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമാണ് താൻ വീഡിയോകൾ ചെയ്തിട്ടുള്ളതെന്നും, ആ രീതി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button