‘സ്വയം കത്തിയെരിയുന്ന സൂര്യന്‍…ആ സ്പീഡിനാപ്പം ഓടിയെത്താതെ കിതച്ചിട്ടുണ്ട്..കണ്ടു പഠിക്കാം, ആ ഇച്ഛാശക്തിയും നേതൃപാടവവും’…

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി അദ്ദേഹത്തിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ കെകെ രാഗേഷ്. ത്യാഗപൂര്‍ണമായ ജീവിതമാണ് അദ്ദേഹത്തിന്റേതെന്നും സഹജീവികള്‍ക്ക് വേണ്ടി കത്തിയെരിയുന്ന സൂര്യനാണ് പിണറായി വിജയന്‍ എന്നും രാഗേഷ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഓഫിസില്‍ ജോലി ചെയ്ത കാലയളവ് രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും സഫലമായ ഒന്നാണെന്നും അദ്ദേഹത്തിന്റെ അടിയുറച്ച നീതിബോധം എങ്ങനെയൊക്കെ സമൂഹത്തെ മാറ്റിമറിക്കുന്നുവെന്ന് കാണാന്‍ കഴിഞ്ഞുവെന്നും കെകെ രാഗേഷ് പറയുന്നു. ഒരു പ്രഫഷണല്‍ എങ്ങനെയാണ് കാര്യങ്ങള്‍ പഠിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതിന്റെ ഏറ്റവും വലിയ മാതൃകയാണ് മുഖ്യമന്ത്രി. ദുരന്തഭൂമികളില്‍ ഫോട്ടോഷൂട്ട് നടത്തുന്ന ഭരണാധികാരികള്‍ക്ക് കണ്ടു പഠിക്കാം, ആ ഇച്ഛാശക്തിയും നേതൃപാടവവുമെന്ന് രാഗേഷിന്റെ കുറിപ്പില്‍ പറയുന്നു.

കെകെ രാഗേഷിന്റെ കുറിപ്പ്

സിഎം ഓഫിസിലെ ഔദ്യോഗിക ചുമതല വെടിഞ്ഞു കണ്ണൂരിലേക്ക് വരുമ്പോള്‍ സഹപ്രവര്‍ത്തകര്‍ പങ്കുവച്ച ചില അഭിപ്രായങ്ങള്‍ ചിലര്‍ ദുഷ്ടലാക്കോടെ വിവാദമാക്കുകയുണ്ടായല്ലോ. ഹ്രസ്വമായ ഒരു പ്രതികരണം ആ വിഷയത്തില്‍ നേരത്തെ നടത്തിയിട്ടുണ്ട്. എന്നാല്‍ നാലുവര്‍ഷത്തെ ആ ഓഫിസിലെ പ്രവര്‍ത്തനത്തെപ്പറ്റി കുറച്ചധികം പറയാനുണ്ട് താനും. നേരവും കാലവും നോക്കാതെ, ഊണും ഉറക്കവും വെടിഞ്ഞ്, ഒരു നാടിന്റെ ഹൃദയം സ്പന്ദിക്കുന്ന ആ ഓഫിസില്‍ ജോലിചെയ്ത കാലയളവ് എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും സഫലമായ ഒന്നാണെന്ന് ഞാന്‍ കരുതുന്നു..

1970 ഒക്ടോബറില്‍ പിണറായി വിജയന്‍ നിയമസഭാംഗമായി തിരുവനന്തപുരത്തെത്തുമ്പോള്‍ ഞാന്‍ ജനിച്ചിരുന്നില്ല. കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎല്‍എ. ആയ വിജയേട്ടന് അന്ന് 26 വയസ്സ്. പിന്നീട് 1977ലും 1991ലും 1996ലും 2016ലും എംഎല്‍എയായി. 1996ല്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി-സഹകരണ വകുപ്പ് മന്ത്രിയായി. ജീവിതപ്പാതയിലുടനീളം എണ്ണമറ്റ പോരാട്ടങ്ങള്‍. ത്യാഗപൂര്‍ണമാണ് ആ ജീവിതം. സഹജീവികള്‍ക്ക് വേണ്ടി സ്വയംകത്തിയെരിയുന്ന സൂര്യന്‍.

പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയുടെ കീഴില്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കുറച്ചുകാലം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നത് എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും അനുഭവസമ്പന്നമായ ഒരു കാലഘട്ടമായി ഞാന്‍ കാണുന്നു. ഓഫിസ് പ്രവര്‍ത്തനത്തിന്റെ ആദ്യനാളുകളില്‍ തന്നെ എന്നോട് അദ്ദേഹം നിര്‍ദ്ദേശിച്ച ഒരു പ്രധാന കാര്യമുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇവിടെ എത്തുന്നതെങ്കിലും മുഖ്യമന്ത്രി എന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെയും പാര്‍ട്ടി അനുഭാവികളുടെയും മാത്രമല്ല, എല്ലാവരുടേതുമാണ്. അത് മനസ്സില്‍ വച്ചുവേണം കാര്യങ്ങള്‍ ചെയ്യാന്‍. കുറച്ചുദിവസങ്ങള്‍ കൊണ്ട് തന്നെ എനിക്കും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതവരികയായിരുന്നു.

Related Articles

Back to top button