തൃശ്ശൂരിൽ വോട്ടിന് ‘കിറ്റ്’…. വാടാനപ്പള്ളിയിലെ സൂപ്പർമാർക്കറ്റിലും ബിജെപി കിറ്റുകൾ തയ്യാറാക്കിയെന്ന് പരാതി

തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി നിൽക്കെ തൃശ്ശൂർ ജില്ലയിൽ ബിജെപി വോട്ടർമാർക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തെന്ന ആരോപണം ശക്തമാകുന്നു. ഒളരിയിലെ കിറ്റ് വിതരണത്തിൽ ബിജെപിക്കെതിരെ പോലീസ് കേസെടുത്തു. ഇതിന് പിന്നാലെ വാടാനപ്പള്ളിയിലെ ഒരു സൂപ്പർമാർക്കറ്റിലും സമാനമായ രീതിയിൽ കിറ്റുകൾ തയ്യാറാക്കുന്നുവെന്ന പരാതി ഉയർന്നു.
ഭക്ഷ്യകിറ്റുകൾ ഓർഡർ ചെയ്ത രാധാകൃഷ്ണൻ എന്നയാളെ ഒന്നാം പ്രതിയാക്കി തൃശ്ശൂർ വെസ്റ്റ് പോലീസ് കേസെടുത്തു. ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എൽഡിഎഫ് നൽകിയ പരാതിയെത്തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പരിശോധനയിൽ 900 രൂപ വിലവരുന്ന 26 കിറ്റുകൾ ഒളരിയിലെ ‘കാർത്തിക’ സൂപ്പർമാർക്കറ്റിൽ നിന്ന് പിടിച്ചെടുത്തു. ശിവരാമപുരം നഗറിലെ താമസക്കാർക്ക് വിതരണം ചെയ്യാനായിരുന്നു ഈ കിറ്റുകൾ എത്തിച്ചത്.
വാടാനപ്പള്ളിയിലെ ഒരു സൂപ്പർമാർക്കറ്റിൽ രണ്ടായിരത്തോളം കിറ്റുകൾ വിതരണത്തിനായി തയ്യാറാക്കുന്നുവെന്ന വാർത്ത പുറത്തുവന്നതോടെ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ സൂപ്പർമാർക്കറ്റിന് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. ബിജെപി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്ന് ഇരു മുന്നണികളും ആരോപിച്ചു.
മണലൂർ, വടക്കാഞ്ചേരി മണ്ഡലങ്ങളിൽ ബിജെപി വൻതോതിൽ പണമിറക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥികളായ ടി.എൻ. പ്രതാപനും പി.എൻ. വൈശാഖനും ആരോപിച്ചു. മണലൂരിലാണ് ബിജെപി കൂടുതൽ പണമൊഴുക്കുന്നത് എന്നും ഇതിനെതിരെ യുഡിഎഫ് പ്രവർത്തകർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി.



