വയോധികന്റെ മൂത്രസഞ്ചിയിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ആറ് സെന്റിമീറ്റർ വലിപ്പമുള്ള കല്ല്! സംഭവം ചേർത്തലയിൽ..
ചേർത്തല: ആലപ്പുഴയിൽ വയോധികന്റെ മൂത്രസഞ്ചിയിൽ നിന്ന് ശസ്ത്രക്രിയയിലൂടെ ആറ് സെന്റിമീറ്റർ വലിപ്പമുള്ള കല്ല് നീക്കം ചെയ്തു. അസഹ്യമായ വയറ് വേദനയോടെ ആശുപ്രത്രിയിലെത്തിയ വയോധികന്റെ വയർ സ്കാൻ ചെയ്തപ്പോളാണ് കല്ല് കണ്ടത്. നാളുകളായി വയോധികന് വയറ് വേദന ഉണ്ടായിരുന്നെന്നും പറയുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ലക്ഷങ്ങൾ മുടക്കേണ്ടിവരുന്ന ശസ്ത്രക്രിയ പരിമിതമായ ഉപകരണങ്ങൾ ഉപയോഗിച്ച് ചേർത്തല താലൂക്ക് ആശുപത്രിയിൽ വിജയകരമായി നടത്തുകയായിരുന്നു.
ആദ്യത്തെ സുപ്രാപബിക് സിസ്റ്റോലിത്തോടമിയാണ് വിജയകരമായി പൂർത്തിയാക്കിയതെന്ന് ഡോക്ടർമാർ പറഞ്ഞു. ചേർത്തല സ്വദേശിയായ 67 കാരന്റെ മൂത്രസഞ്ചിയിലെ വലിയ കല്ലാണ് നീക്കം ചെയ്തത്. സർജൻ ഡോ. മുഹമ്മദ് മുനീ റാണ് സ്കാനിങ്ങിലൂടെ മൂത്രസഞ്ചിയിലുണ്ടായിരുന്ന കല്ല് കണ്ടുപിടിച്ചത്.
സൂപ്രണ്ട് ഡോ. സുജ അലോഷസിന്റെ ഏകോപനത്തിൽ ഡോ.മുഹമ്മദ് മുനീർ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. നിർമൽ രാജിന്റെ നേതൃത്വത്തിൽ ഡോ. മിഷ, അശ്വതി, സൂര്യ എന്നിവർ അടങ്ങുന്ന സംഘം സങ്കീർണമായ ശസ്ത്രക്രിയ നടത്തുകയായിരുന്നു. മണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്ക് ശേഷം പുറത്തെടുത്ത കല്ലിന് ആറ് സെൻറീമീറ്റർ വലിപ്പമുണ്ടായിരുന്നു.സർജറി വിഭാഗം അംഗങ്ങളായ ഡോ. കൃഷ്ണ, ഡോ. അഞ്ജന, ഡോ. മിന്നു, ഡോ. അനഘ എന്നിവരും ശസ്ത്രക്രിയക്ക് ഒപ്പം ഉണ്ടായിരുന്നു. നിലവിൽ വയോധികൻ ആരോഗ്യവാനായിരിക്കുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു.