ഖുശ്ബു ബിജെപി ഉപാധ്യക്ഷ.. നടൻ വിജയ്ക്ക് ക്ഷണം….
തമിഴ്‌നാട് ബിജെപി വൈസ് പ്രസിഡന്റായി നടി ഖുശ്ബു സുന്ദറിനെ നിയമിച്ചു. നൈനാര്‍ നാഗേന്ദ്രന്‍ പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷം നടത്തിയ ആദ്യ പുനഃസംഘടനയിലാണു ഖുശ്ബുവിനു പ്രധാനപ്പെട്ട പദവി നല്‍കിയത്.
നിയമനത്തില്‍ ബിജെപി നേതാക്കളോട് ഖുശ്ബു നന്ദി അറിയിച്ചു. ബുത്ത് കമ്മിറ്റികള്‍ ശക്തിപ്പെടുത്തുകയെന്നതിനാണ് അടിയന്തര മുന്‍ഗണന നല്‍കുകയെന്ന് ഖുശ്ബു പറഞ്ഞു. ‘നമ്മള്‍ കഴിയുന്നത്ര ജനങ്ങളിലേക്ക് എത്തിച്ചേരണം, വീടും തോറും പ്രചാരണം നടത്തുകയും വോട്ടര്‍മാരെ നേരിട്ട് കാണുകയും വേണം, പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും നന്മയെക്കുറിച്ച് അവരോട് സംസാരിക്കണം, അവര്‍ രാജ്യത്തിന് ചെയ്ത കാര്യങ്ങള്‍ അവരെ അറിയിക്കണം.’- എന്ന് ഖുശ്ബു പറഞ്ഞു.
അതേസമയം വിജയിനോട് എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമാകാനും അഭ്യര്‍ഥിച്ചു. ‘ഇളയെ സഹോദരനെ പോലയാണ് എനിക്ക് വിജയ്. ഡിഎംകെയെ പരാജയപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍, നാമെല്ലാവരും ഒന്നിക്കണമെന്ന് ഞാന്‍ കരുതുന്നു. തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരിന്റെ തെറ്റുകള്‍ നിരന്തരം ഉന്നയിക്കുന്നു, അതിനാല്‍ ടിവികെ ബിജെപിയുമായും എഐഎഡിഎംകെയുമായും കൈകോര്‍ക്കുന്നത് വളരെ ബുദ്ധിപരമായ തീരുമാനമാണെന്ന് ഞാന്‍ കരുതുന്നു.’ ഖുശ്ബു പറഞ്ഞു.