ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ വധിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സമൂഹ മാധ്യമപ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഖമനയി കൊല്ലപ്പെട്ടെന്ന് ട്രംപ് സ്ഥിരീകരിച്ചത്. ചരിത്രത്തിലെ ഏറ്റവും ക്രൂരരായ വ്യക്തികളിൽ ഒരാളായ ഖമനയി കൊല്ലപ്പെട്ടു എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ഖമനയി കൊല്ലപ്പെട്ടെന്ന സൂചനയുമായി നേരത്തേ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും രം​ഗത്ത് വന്നിരുന്നു.

യുഎസ് – ഇസ്രായേൽ ഇന്റലിജൻസിനെ മറികടക്കാൻ ഖമനയിക്ക് കഴിഞ്ഞില്ലെന്ന് ട്രംപ് പറയുന്നു. ഖമനയിയെ കൂടാതെ ഇറാനിലെ സുപ്രധാന നേതാക്കളെയും ആക്രമണത്തിൽ വധിച്ചെന്ന് ട്രംപ് അവകാശപ്പെട്ടു. പശ്ചിമേഷ്യയിലും ലോകമെമ്പാടും സമാധാനം എന്ന ലക്ഷ്യം കൈവരിക്കുന്നതു വരെ ഇറാനെതിരായ ആക്രമണം തുടരുമെന്നും ട്രംപ് വ്യക്തമാക്കി.

‘ചരിത്രത്തിലെ ഏറ്റവും ക്രൂരരായ വ്യക്തികളിൽ ഒരാളായ ഖമനയി കൊല്ലപ്പെട്ടു. ഇത് ഇറാനിലെ ജനങ്ങൾക്ക് മാത്രമല്ല, ഖമനയിയും രക്തദാഹികളായ ഗുണ്ടാസംഘവും കൊലപ്പെടുത്തുകയോ അംഗഭംഗം വരുത്തുകയോ ചെയ്ത എല്ലാ മഹത്തായ അമേരിക്കൻ ജനതയ്ക്കും ലോകമെമ്പാടുമുള്ള മറ്റു രാജ്യങ്ങളിലെ ജനങ്ങൾക്കും ലഭിച്ച നീതിയാണ്. ഞങ്ങളുടെ ഇന്റലിജൻസിനെയും അത്യന്താധുനിക ട്രാക്കിങ് സംവിധാനങ്ങളെയും മറികടക്കാൻ ഖമനയിക്ക് കഴിഞ്ഞില്ല. ഇസ്രായേലുമായി ചേർന്ന് പ്രവർത്തിച്ചതിനാൽ ഖമനയിക്കും ഒപ്പമുള്ളവർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞതുമില്ല. ഇറാനിലെ ജനങ്ങൾക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിത്. അവരുടെ റെവല്യൂഷണറി ഗാർഡ്, സൈന്യം, മറ്റ് സുരക്ഷാ-പൊലീസ് സേനകളിലെ പലരും ഇനി പോരാടാൻ ആഗ്രഹിക്കുന്നില്ലെന്നും ഞങ്ങളിൽ നിന്ന് കുറ്റവിമുക്തി തേടുകയാണെന്നും ഞങ്ങൾ അറിയുന്നു. ഇന്നലെ രാത്രി ഞാൻ പറഞ്ഞതുപോലെ, “ഇപ്പോൾ അവർക്ക് കുറ്റവിമുക്തി നേടാം, പിന്നീട് അവർക്ക് ലഭിക്കുന്നത് മരണം മാത്രമായിരിക്കും.” റെവല്യൂഷണറി ഗാർഡും പൊലീസും ഇറാനിലെ രാജ്യസ്‌നേഹികളുമായി സമാധാനപരമായി ഒന്നിക്കുകയും, രാജ്യം അർഹിക്കുന്ന മഹത്വത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും, പശ്ചിമേഷ്യയിലും ലോകമെമ്പാടും സമാധാനം എന്ന നമ്മുടെ ലക്ഷ്യം കൈവരിക്കുന്നതുവരെ, ശക്തവും കൃത്യവുമായ ബോംബാക്രമണം ഈ ആഴ്ചയിലുടനീളം അല്ലെങ്കിൽ ആവശ്യമുള്ളത്ര കാലം തടസ്സമില്ലാതെ തുടരും’ – ട്രംപ് കുറിച്ചു.

Related Articles

Back to top button