ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരെ ഖലിസ്ഥാൻ ഭീകരൻ്റെ ഭീഷണി…
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് എതിരെ ഖലിസ്ഥാൻ ഭീകരൻ്റെ ഭീഷണി. കാനഡയിൽ അറസ്റ്റിലായി ഒരാഴ്ച ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയ ഖലിസ്ഥാൻ ഭീകരൻ ഇന്ദർജീത് സിംഗ് ഗോസാലാണ് ഭീഷണി മുഴക്കിയത്. ജാമ്യത്തിലിറങ്ങിയതിൻ്റെ തൊട്ടടുത്ത ദിവസമാണ് ഖലിസ്ഥാൻ ഭീകരരുടെ നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂൻ്റെ അടുത്ത അനുയായി കൂടിയായ ഇയാൾ ഭീഷണി മുഴക്കിയത്. ഇതിനോട് കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിരോധിത സിഖ്സ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) ഗ്രൂപ്പിന്റെ പ്രമുഖ സംഘാടകനാണ് ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. ഇയാളുടെ അടുത്ത സഹായിയായ ഇന്ദർജിത് സിംഗ് ഗോസലിന് 36 വയസാണ് പ്രായം. ലൈസൻസില്ലാത്ത തോക്ക് കൈവശം വെച്ച കേസിലാണ് ഇയാളെ കാനഡയിൽ അറസ്റ്റ് ചെയ്തത്. ജയിൽ വിട്ട ശേഷം ഇയാളുടേതായി പുറത്തിറങ്ങിയ വീഡിയോയിൽ ഇന്ത്യക്കെതിരെയാണ് വിമർശനം.
“ഇന്ത്യ, ഞാൻ പുറത്താണ്. ഗുർപത്വന്ത് സിംഗ് പന്നൂണിനെ പിന്തുണയ്ക്കാനും 2025 നവംബർ 23 ന് ഖലിസ്ഥാൻ റഫറണ്ടം സംഘടിപ്പിക്കാനും ഞാനുണ്ടാകും. ഡൽഹി ഖലിസ്ഥാനായി മാറും. അജിത് ഡോവൽ കാനഡയിലോ അമേരിക്കയിലോ ഏതെങ്കിലും യൂറോപ്യൻ രാജ്യത്തോ വന്ന് ഞങ്ങളെ അറസ്റ്റ് ചെയ്യാനോ ഇന്ത്യയിലേക്ക് ഞങ്ങളെ പിടിച്ചുകൊണ്ടുപോകാനോ ശ്രമിക്കാത്തത് എന്തുകൊണ്ടാണ്? അജിത് ഡോവൽ, ഞാൻ നിങ്ങൾക്കായി കാത്തിരിക്കുന്നു,” – ഇന്ദർജീത് സിംഗ് ഗോസൽ പറഞ്ഞു.
കാനഡയിലെ ഗ്ലോബൽ ന്യൂസിന് നൽകിയ ഒരു അഭിമുഖത്തിൽ തന്റെ ജീവൻ അപകടത്തിലാണെന്ന്, റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർസിഎംപി) മുന്നറിയിപ്പ് നൽകിയതായി ഇയാൾ പറയുന്നുണ്ട്. പൊലീസ് സംരക്ഷണം ഒരുക്കാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും താനിത് നിരസിച്ചതായും ഇയാൾ അവകാശപ്പെട്ടു.
കാനഡയിൽ ഭരണ മാറ്റം നടന്ന ശേഷം ഖലിസ്ഥാൻ വാദികളുടെ താത്പര്യത്തിന് വിരുദ്ധമായ നിലയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താനാണ് കാനഡ ലക്ഷ്യമിടുന്നത്. സെപ്റ്റംബർ 19 ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കനേഡിയൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നതാലി ജി ഡ്രൗയിനും തമ്മിൽ ഉന്നതതല യോഗം നടന്നിരുന്നു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിലും രാജ്യാന്തര കുറ്റകൃത്യങ്ങൾ തടയുന്നതിലും സഹകരണം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും ഈ യോഗത്തിൽ ധാരണയായിട്ടുണ്ട്.
കാനഡയിലെ സറേയിൽ 2023 ജൂണിൽ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ട ശേഷം സിഖ്സ് ഫോർ ജസ്റ്റിസ് എന്ന നിരോധിത സംഘടനയുടെ നേതൃത്വത്തിലേക്ക് സിഖ്സ് ഫോർ ജസ്റ്റിസ് ഉയർത്തപ്പെട്ടിരുന്നു. പിന്നീട് 2024 നവംബറിലും ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറിൽ ഉണ്ടായ അക്രത്തെ തുടർന്ന് പീൽ റീജിയണൽ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. കാനഡയിൽ ഖലിസ്ഥാൻ പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്ന ഇന്ദർജീത് സിംഗ് ഗോസൽ, കൊല്ലപ്പെട്ട ഹർദീപ് സിംഗ് നിജ്ജാറിൻ്റെ പിൻഗാമിയായി കണക്കാക്കപ്പെടുന്നു. പഞ്ചാബിൽ ഒരു പ്രത്യേക സിഖ് രാഷ്ട്രം സ്ഥാപിക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്.