കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം..അപലപിച്ച് ജസ്റ്റിൻ ട്രൂഡോ…
കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് വിശ്വാസികൾക്കുനേരെ ആക്രമണം. ഖലിസ്ഥാന്‍ പതാകകളുമായി എത്തിയവരാണ് ആക്രമണം നടത്തിയത്. ഹിന്ദു മഹാസഭ മന്ദിറിലാണ് ആക്രമണം നടന്നത്.സംഭവത്തിൽ അപലപിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തി. ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണം ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണ്. ഓരോ കാനഡക്കാരനും അവരുടെ വിശ്വാസം സ്വതന്ത്രമായും സുരക്ഷിതമായും ആചരിക്കാൻ അവകാശമുണ്ടെന്നും ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. പൊലീസ് അതിവേഗം ഉണർന്നു പ്രവർത്തിച്ചെന്നും ട്രൂഡോ വ്യക്തമാക്കി.
വടികളുമായി എത്തിയ ഒരു സംഘം അമ്പലത്തിന് പുറത്തുവച്ച് വിശ്വാസികളെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പുകളുടെ പതാകകളുമായാണ് അക്രമികൾ എത്തിയത്. പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു.



