മണ്ണെണ്ണ സബ്സിഡി 50 രൂപയായി വർദ്ധിപ്പിച്ചു

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങായി മണ്ണെണ്ണ സബ്സിഡിയിൽ വൻ വർദ്ധന പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ലിറ്ററിന് 25 രൂപയായിരുന്ന സബ്സിഡി 50 രൂപയായി വർദ്ധിപ്പിച്ചതായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
പത്തു വർഷത്തിലേറെയായി മണ്ണെണ്ണ സബ്സിഡിയിൽ മാറ്റം വരുത്തിയിട്ടില്ലാത്ത സാഹചര്യം പരിഗണിച്ചാണ് ഈ തീരുമാനം. മത്സ്യബന്ധനത്തിനായി മത്സ്യഫെഡ് വഴി അനുവദിക്കുന്ന മണ്ണെണ്ണയ്ക്കാണ് ഈ അധിക ആനുകൂല്യം ലഭ്യമാകുക. ജസ്റ്റിസ് (റിട്ട) ജെബി കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ കൂടി പരിഗണിച്ചാണ് സർക്കാർ നടപടി. ഇന്ധനവില വർദ്ധന മൂലം പ്രതിസന്ധിയിലായ തീരദേശ മേഖലയെ സഹായിക്കാൻ പ്രത്യേക സബ്സിഡി നൽകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 24-ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.



