കേരം തിങ്ങും കേരളനാടിന് ഇനി ഏറെ സമ്പാദിക്കാം… തേങ്ങയ്ക്കും കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും എല്ലാം ഇപ്പോൾ നല്ല വില…

കേരം തിങ്ങും കേരളനാട് വിഷമിച്ചിരുന്ന കാലങ്ങൾ ഇനി മാറും. തെങ്ങുകൃഷി ഒട്ടേറെ പ്രതിസന്ധികൾ നേരിടുന്നുണ്ടെങ്കിലും ഇപ്പോഴുണ്ടായിരിക്കുന്ന വില വർദ്ദനവ് കർഷകർക്ക് പുതു പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. തേങ്ങയ്ക്കും കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും എല്ലാം ഇപ്പോൾ നല്ല വിലയാണ് വിപണിയിൽ കിട്ടുന്നത്. പച്ചത്തേങ്ങ കിലോയ്ക്ക് 60 രൂപയും കൊപ്രയ്ക്ക് 180 രൂപയുമായി ഉയർന്നു. വെളിച്ചെണ്ണ വില ഇപ്പോൾ കിലോഗ്രാമിന് 320 രൂപയാണ്. ഒരു തേങ്ങയ്ക്ക് 30 രൂപക്ക് മുകളിലേക്ക് വില കിട്ടുന്ന സ്ഥിതിയാണുള്ളത്.

സംസ്കരിച്ച പച്ചത്തേങ്ങപ്പൊടിക്ക് പ്രിയം കൂടിയതാണ് തേങ്ങയുടെ നല്ല കാലത്തിനിടയാക്കിയത്. ജില്ലയുടെ കിഴക്കൻ മലയോരത്തുനിന്ന് കർണാടകയിലെ ടിപ്റ്റൂരിലേക്കാണ് ഏറിയ പങ്ക് തേങ്ങയും ഒഴുകുന്നത്. ഇവിടെ തേങ്ങപ്പൊടി നിർമിക്കുന്ന നിരവധി ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്. കേരള കോക്കനട്ട് പൗഡർ എന്ന പേരിലാണ് ഈ ഉത്പന്നം വിപണിയിൽ എത്തുന്നത്. വിദേശ വിപണികളിലാണ് തേങ്ങാപ്പൊടിക്ക് ആവശ്യക്കാരേറെയുള്ളത്. കിലോയ്ക്ക് 250 രൂപയ്ക്ക് മുകളിൽ വിലയുണ്ട്. ഇതുമൂലം വിലയിടിവിനുള്ള സാധ്യത കുറവാണെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ.

ആർക്കും വേണ്ടാതെ വലിച്ചെറിഞ്ഞിരുന്ന ചിരട്ടയ്ക്കാണ് ഇപ്പോൾ ശുക്രദശ തെളിഞ്ഞത്. ഏജൻറുമാർ വീടുവീടാന്തരം കയറി ചിരട്ട ശേഖരിക്കാൻ തുടങ്ങിയിട്ടുണ്ട്. വ്യാപാരികളും ചിരട്ട വാങ്ങിക്കുന്നുണ്ട്. ഒരു വല്ലം ചിരട്ടയുണ്ടെങ്കിൽ 800 രൂപ വരുമാനം കിട്ടും. ജലശുദ്ധീകരണത്തിനുള്ള പ്രകൃതിദത്തവസ്തുവായി ചിരട്ടക്കരി ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ ഡിമാൻഡിന് കാരണം. ജർമനി, ഇറ്റലി, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ചിരട്ടക്കരി കയറ്റിപ്പോകുന്നത്. കേരളത്തിൽ നിന്ന് ശേഖരിക്കുന്ന ചിരട്ട കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെത്തിച്ചാണ് കരിയാക്കി മാറ്റുന്നത്. മലയോരത്ത് ചിരട്ട കിട്ടാനില്ലാത്ത സ്ഥിതിയാണ്. ചിരട്ടക്ഷാമം ശവസംസ്കാരച്ചടങ്ങുകൾക്കും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മൃതദേഹം ദഹിപ്പിക്കാൻ കൂടുതലായും ചിരട്ടയാണ് ഉപയോഗിച്ചുവരുന്നത്. 150 കിലോഗ്രാം ചിരട്ട ഒരു മൃതദേഹം ദഹിപ്പിക്കുവാനാവശ്യമാണ്.

Related Articles

Back to top button