വിസി ഇടഞ്ഞ് തന്നെ; ജോയിന്‍റ് രജിസ്ട്രാര്‍ക്ക് കാരണം കാണിക്കൽ നോട്ടീസ്…
ഭാരതാംബയിൽ ഇടഞ്ഞ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും സമവായ വഴിയിലേക്ക് നീങ്ങുമ്പോഴും തല്ലി തീരാതെ കേരള സര്‍വകലാശാലയിലെ തര്‍ക്കം. സസ്പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ കെഎസ് അനിൽ കുമാറിനെ പുറത്താക്കാതെ സിന്‍ഡിക്കറ്റ് യോഗം വിളിക്കില്ലെന്ന് നിലപാടിൽ ഉറച്ച് നിൽക്കുന്ന വി.സി ഡോ മോഹൻ കുന്നുമ്മൽ, സസ്പെന്‍ഷൻ പിന്‍വലിച്ച് അനിൽകുമാറിന് ചുമതല കൈമാറുന്നതായി ഓഫീസ് ഓർഡർ ഇറക്കിയ ജോയിന്‍റ് രജിസ്ടാര്‍ക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി
ഉന്നത വിദ്യാഭ്യാസമന്ത്രി ബിന്ദുവും കേരള സര്‍വകലാശാല വിസിയും ഇടതു സിന്‍ഡിക്കറ്റ് അംഗങ്ങളും ചര്‍ച്ച നടത്തിയെങ്കിലും ഇരു പക്ഷവും വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഉറപ്പിക്കാം. ഉടനടി സിന്‍ഡിക്കറ്റ് വിളിക്കണമെന്ന മന്ത്രിയുടെ നിര്‍ദ്ദേശത്തിന് വഴങ്ങാൻ വിസി തയ്യാറല്ല. താൻ സസ്പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ കെ.എസ് അനിൽകുമാര്‍ ആദ്യം പുറത്തു പോകട്ടെയെന്നാണ് മോഹൻ കുന്നമ്മിലിന്‍റെ നിലപാട്. അതിന് ശേഷം സിന്‍ഡിക്കറ്റ് വിളിക്കന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന നിലപാടിൽ വിസി ഉറച്ച് നിൽക്കുന്നു. രജിസ്ട്രാറുടെ എല്ലാ ചുമതലയും ഫയൽ ആക്സസും താല്‍ക്കാലിക രജിസ്ട്രാര്‍ മിനി കാപ്പന് കൈമാറണമെന്നും വിസി ആവശ്യപ്പെടുന്നു.
കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷൻ ഉത്തരവ് പിൻവലിച്ചുള്ള ഓർഡ്ഡറിൽ ഒപ്പിട്ടതിനാണ് ജോയിന്റ് രജിസ്ട്രാർ പി.ഹരികുമാറിന് വിസി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. വിസി ചുമതലയിലുണ്ടായിരുന്ന സിസ തോമസ്, ഇറങ്ങിപ്പോയതിന് ശേഷം നടന്ന വിവാദ സിൻഡിക്കേറ്റ് യോഗത്തിൽ സെക്രട്ടറിയായിരുന്നു മിനിറ്റ്സ് തയ്യാറാക്കിയതിലും വിശദീകരണം ചോദിച്ചിട്ടുണ്ട്. രജിസ്ട്രാറുടെ സസ്പെഷനിൽ ഇടതു സിന്‍ഡിക്കറ്റ് അംഗങ്ങളും വിട്ടുവീഴ്ചയ്ക്കില്ല.
സമവായ നീക്കമായി രജിസ്ട്രാറെ കൊണ്ട് അവധിയെടുപ്പിച്ച് പ്രശ്നം തീര്‍ക്കാമെന്ന് നിര്‍ദ്ദേശവും ഇടതു സിന്‍ഡിക്കറ്റ് അംഗങ്ങള്‍ തള്ളുന്നു. വിസി അവധിയിൽ പോകട്ടെയെന്നാണ് മറുപടി. സമവായ ചര്‍ച്ചകളെക്കുറിച്ച് അറിയില്ലെന്നാണ് കെഎസ് അനിൽകുമാറിന്റെയും പ്രതികരണം. ഗവര്‍ണര്‍ തലസ്ഥാനത്ത് തിരിച്ചെത്തിയാൽ ഉന്നത വിദ്യാഭ്യാസ മന്ത്രി അദ്ദേഹത്തെ കാണും. മുഖ്യമന്ത്രിയും വൈകാതെ ഗവര്‍ണറെ കാണാൻ സാധ്യതയുണ്ട്. സര്‍വകലാശാലയിലെ സമവായ നീക്കവും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ്. ഭാരതാംബ വിവാദം കൊണ്ട് നേട്ടമുണ്ടായില്ലെന്ന് വിലയിരുത്തലോടെയാണ് ഇരു ചേരിയും അയയുന്നത്.