തെരഞ്ഞെടുപ്പിലെ പരാജയം: ആലപ്പുഴ KSUവിൽ പൊട്ടിത്തെറി.. ജില്ലാ പ്രസിഡന്റിന്റെ കഴിവുകേട്…
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ആലപ്പുഴ കെഎസ്‌യുവില്‍ പൊട്ടിത്തെറി. പരാജയത്തിൽ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് ജില്ലാ പ്രസിഡന്റിന്റെ കഴിവുകേടുകൊണ്ടെന്നാണ് ആക്ഷേപം. സംഘടന രൂപീകൃതമായ ആലപ്പുഴയിൽ ഒരിടത്ത് പോലും ജയിക്കാത്തതിൽ അണികള്‍ക്കിടയില്‍ രോക്ഷം പുകയുകയാണ്.
കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ ഒരു കോളേജില്‍ പോലും ഭരണമുറപ്പിക്കാന്‍ കെഎസ്‌യുവിന് കഴിഞ്ഞിരുന്നില്ല. ജില്ലയിലെ 19 കോളേജുകളിലും എസ്എഫ്‌ഐ വിജയിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷവും കെഎസ്‌യു- എംഎസ്എഫ് മുന്നണി വിജയിച്ച കായംകുളം എംഎസ്എം കോളേജ്, രണ്ടുവര്‍ഷം കെഎസ്‌യു വിജയിച്ച അമ്പലപ്പുഴ ഗവ. കോളേജ്, മാവേലിക്കര ഐഎച്ച്ആര്‍ഡി കോളേജ് എന്നിവിടങ്ങളിലെ യൂണിയനുകളും എസ്എഫ്‌ഐ പിടിച്ചെടുത്തു. ഇതാണ് കെഎസ്‌യുവിലെ ഒരു വിഭാഗം പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.