കേരള സർവകലാശാലയിൽ നാടകീയ നീക്കങ്ങൾ തുടരുന്നു…സിസ തോമസ് നൽകിയ അന്ത്യശാസന സമയപരിധി അവസാനിച്ചു..ജോ. രജിസ്ട്രാർ..
കേരള സർവകലാശാലയിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. ജോയിന്റ് റജിസ്ട്രാർ ഹരികുമാറിനെതിരെ വിസി നൽകിയ സമയപരിധി അവസാനിച്ചു. അതേസമയം, വിസിയുടെ കാരണം കാണിക്കലിന് ജോ. രജിസ്ട്രാർ മറുപടി നൽകിയില്ല. അദ്ദേഹം അവധിയിൽ പ്രവേശിച്ചു. ഹരികുമാറിനെതിരായ നടപടി ആലോചിച്ച ശേഷമെന്ന് താൽക്കാലിക വി സി സിസ തോമസ് അറിയിച്ചു. വിസി ഇൻ ചാർജ് സിസ തോമസ് പിരിച്ചുവിട്ട സിൻഡിക്കേറ്റ് യോഗത്തിൽ ജോയിന്റ് റജിസ്ട്രാർ പങ്കെടുത്തത് ചട്ടവിരുദ്ധമാണെന്നാണ് ചൂണ്ടിക്കാട്ടിയായിരുന്നു വിസി നോട്ടീസ് നൽകിയത്.
പിരിച്ചു വിട്ട ശേഷവും സിൻഡിക്കേറ്റ് യോഗത്തിൽ തുടർന്ന ജോയിന്റ് രജിസ്ട്രാർ, ചട്ട വിരുദ്ധമായി ചേർന്ന സിൻഡിക്കേറ്റ് യോഗത്തിന്റെ മിനുട്സ് അംഗീകരിച്ചതും വീഴ്ചയാണെന്നും വിസി പറയുന്നു. ഇന്ന് രാവിലെ 9 മണിക്കുള്ളിൽ മറുപടി നൽകാനാണ് ജോയിൻ രജിസ്ട്രാർക്ക് വിസി നൽകിയ നിർദ്ദേശം.
കേരള സർവകലാശാലയിൽ, സിൻഡിക്കേറ്റ് തീരുമാനത്തിന് പിന്നാലെ വീണ്ടും ചുമതലയേറ്റ രജിസ്ട്രാർ കെ.എസ്. അനിൽ കുമാറിന്റെ നടപടിയിൽ വിസി അതൃപ്തിയിലാണ്. സംഭവത്തിൽ ജോയിന്റ് റജിസ്ട്രാറിൽ നിന്ന് വിസി ഇൻ ചാർജ് ഡോ. സിസ തോമസ് റിപ്പോർട്ട് തേടി. ഈ വിഷയത്തിലും 9 മണിക്ക് മുമ്പ് വിശദീകരണം നൽകാനാണ് നിർദേശം.
അതേസമയം വീണ്ടും ചുമതലയേറ്റ രജിസ്ട്രാർ ഇന്ന് ഓഫീസിലെത്തിയേക്കും. ഇന്നലെ ചേർന്ന പ്രത്യേക സിൻഡിക്കേറ്റ് യോഗം വിസിയുടെ നടപടി റദ്ദാക്കിയതോടെ നാലര മണിക്ക് റജിസ്ട്രാർ ഓഫീസിലെത്തി ചുമതലയേറ്റിരുന്നു. സിൻഡിക്കേറ്റ് നടപടിക്ക് നിയമസാധുത ഇല്ലെന്ന് വിസിയുടെ നിലപാട് തള്ളിയാണ് റജിസ്ട്രാർ തിരികെ ഓഫീസിൽ എത്തിയത്. കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടാകില്ലെന്ന വിലയിരുത്തലിലാണ് രജിസ്ട്രാറും ഇടത് സിൻഡിക്കേറ്റ് അംഗങ്ങളും. ഇന്ന് സർവകലാശാലയിലെത്തുന്ന വിസിയെ തടഞ്ഞ് പ്രതിഷേധിക്കാനാണ് എസ്എഫ്ഐ തീരുമാനം.