കേരള സർവകലാശാല തർക്കം ഒത്തുതീർപ്പിലേക്ക്…
തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ വിസി- രജിസ്ട്രാർ തർക്കം ഒത്തുതീർപ്പിലേക്കെത്തുന്നു. ഇതിന്റെ ഭാഗമായി വിസി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദുവിന്റെ വസതിയിലേക്കെത്തി. മന്ത്രി നേരിട്ട് വിസിയെ വസതിയിലേക്ക് ക്ഷണിച്ചിരുന്നു. ഗവർണറുടെ നിർദേശ പ്രകാരമാണ് വിസി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
സസ്‌പെൻഷൻ നടപടി രജിസ്ട്രാർ അംഗീകരിക്കണമെന്നാണ് വിസിയുടെ നിലപാട്. ഗവർണറെയാണ് അപമാനിച്ചത്, സസ്പെൻഷൻ അംഗീകരിച്ചാൽ പ്രതിസന്ധിക്ക് അയവ് വരുമെന്നാണ് വിസി അറിയിച്ചത്. വിസിയുടെ നിലപാട് ബന്ധപ്പെട്ടവരുമായി സംസാരിക്കാമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി താമസിയാതെ ഗവർണറെ കാണുമെന്നും കൂടിക്കാഴ്ചയിൽ സർവകലാശാല വിഷയവും ചർച്ചയായേക്കുമെന്ന് മന്ത്രി സൂചിപ്പിച്ചു. അര മണിക്കൂർ നീണ്ടുനിന്നതായിരുന്നു മന്ത്രിയും വിസിയും തമ്മിലുള്ള കൂടിക്കാഴ്ച.
കേരള സർവകലാശാലയിലെ വിസി -റജിസ്ട്രാർ പോര് അവസാനിപ്പിക്കാൻ നിലപാട് മയപ്പെടുത്തി ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്നാണ് രംഗത്ത് വന്നത്. വിസി മോഹനൻ കുന്നുമ്മലുമായി താൻ നേരിട്ട് സംസാരിച്ചെന്നും അദ്ദേഹം സർവകലാശാലയിലേക്ക് തിരികെ വന്നത് ഈ ചർച്ചയുടെ അടിസ്ഥാനത്തിലെന്നും മന്ത്രി പറഞ്ഞിരുന്നു. ‘കേരള സർവകലാശാലയിലേക്ക് വിസി തിരികെ എത്തിയത് താൻ വിളിച്ചു സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ്. പ്രശ്നം പരിഹരിക്കാൻ ഇടപെടൽ നടക്കുന്നുണ്ട്. വിസിയുമായും സിൻഡിക്കേറ്റുമായും സംസാരിക്കുന്നുണ്ട്. ആവശ്യമെങ്കിൽ ഗവർണറുമായും സംസാരിക്കും. വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടില്ല. ആദ്യം ഞാൻ ശ്രമിച്ചു നോക്കട്ടെ. റജിസ്ട്രാർ ആരെന്നു നിയമം നോക്കിയാൽ അറിയാം’ – ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഇരുപത് ദിവസത്തിനു ശേഷം ഇന്നാണ് വിസി മോഹനൻ കുന്നുമ്മൽ ഓഫീസിലെത്തിയത്.