കേരളം ഡ്രൈ ഡേയിലേക്ക്… ഇന്ന് വൈകുന്നേരം 7 മുതൽ മദ്യശാലകൾ അടയ്ക്കും… വോട്ടെടുപ്പ് വരെ നിരോധനം

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മദ്യവിൽപനയ്ക്ക് കർശന നിരോധനം ഏർപ്പെടുത്തി. വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയുള്ള 48 മണിക്കൂർ സമയവും വോട്ടെണ്ണൽ ദിനവുമാണ് ഡ്രൈ ഡേയായി പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം 7 മണി മുതൽ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്ച വൈകുന്നേരം വരെ സംസ്ഥാനത്ത് മദ്യവിൽപന ഉണ്ടാകില്ല. വോട്ടെടുപ്പിന് 48 മണിക്കൂർ മുൻപ് തന്നെ നിരോധനം നിലവിൽ വരും.
വോട്ടെണ്ണൽ നടക്കുന്ന മെയ് 4-നും സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും. മദ്യശാലകൾക്ക് പുറമെ ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ എന്നിവിടങ്ങളിലും മദ്യവിതരണത്തിന് നിരോധനമുണ്ട്. പൊതുസ്ഥലങ്ങളിൽ മദ്യം ഉപയോഗിക്കുന്നതിനും ശേഖരിച്ചുവെക്കുന്നതിനും കർശന നിയന്ത്രണമുണ്ടാകും. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള മദ്യക്കടത്ത് തടയാൻ അതിർത്തികളിൽ പോലീസ്, എക്സൈസ് പരിശോധന ശക്തമാക്കി. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ എക്സൈസ് കമ്മീഷണർക്കും പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
റീപോളിങ് ആവശ്യമായി വരുന്ന മണ്ഡലങ്ങളിലോ ബൂത്തുകളിലോ ആ ദിവസവും മദ്യനിരോധനം ബാധകമായിരിക്കും. വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.



