2014-ല്‍ ഇന്ത്യ എവിടെയായിരുന്നോ, കേരളം ഇപ്പോഴും അവിടെത്തന്നെ..
2014-ല്‍ ഇന്ത്യ എവിടെയായിരുന്നോ അവിടെത്തന്നെയാണ് കേരളം ഇപ്പോഴുമെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. തൃശ്ശൂര്‍ സിറ്റിജില്ലയുടെ വികസിതകേരളം കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 2014-ല്‍ ഇന്ത്യയില്‍ അഴിമതിയും വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് ഉണ്ടായിരുന്നത്.
11 വര്‍ഷംകൊണ്ട് ഇന്ത്യയിലെ മാറ്റത്തെ ബഹുമാനത്തോടെയാണ് വിദേശരാജ്യങ്ങള്‍പോലും നോക്കിക്കാണുന്നത്. വികസിതഭാരതം വരുമ്പോള്‍ വികസിതകേരളവും വേണം. മറ്റുസംസ്ഥാനങ്ങളില്‍ വ്യവസായവും തൊഴിലും വരുമ്പോള്‍ കേരളത്തില്‍ എന്തുകൊണ്ട് ഇവ വരുന്നില്ലെന്ന് ചിന്തിക്കണം – അദ്ദേഹം പറഞ്ഞു.
ആശാവര്‍ക്കര്‍മാര്‍ക്ക് പണം നല്‍കാതെയും കടല്‍ഭിത്തി കെട്ടിനല്‍കാതെയുമിരിക്കുന്നവരാണ് ഒന്‍പതുവര്‍ഷത്തെ ആഘോഷത്തിന് 100 കോടി ചെലവാക്കുന്നത്. കേരളത്തില്‍ മാറ്റം കൊണ്ടുവരാന്‍ ബിജെപിക്കേ സാധിക്കൂവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് ചടങ്ങില്‍ അധ്യക്ഷനായി.
നേതാക്കളായ എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, അഡ്വ. ബി.ഗോപാലകൃഷ്ണന്‍, എ. നാഗേഷ്, അഡ്വ. എസ്. സുരേഷ്, അനൂപ് ആന്റണി, കെ.കെ.അനീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വികസിതകേരളം കണ്‍വെന്‍ഷനുമുന്‍പ് ജില്ലാ ഭാരവാഹി കണ്‍വെന്‍ഷന്‍ അരങ്ങേറി. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ തൃശ്ശൂര്‍ സിറ്റിജില്ലയുടെ ലക്ഷ്യം ഇതില്‍ പ്രഖ്യാപിച്ചു. സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ തിരഞ്ഞെടുപ്പ് ഒരുക്കത്തിനുവേണ്ട മാര്‍ഗനിര്‍ദേശം നല്‍കി.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിറ്റി ജില്ലയില്‍നിന്ന് 300-ല്‍ അധികം പ്രതിനിധികള്‍ ഉണ്ടാകുമെന്ന ഉറപ്പ് ജില്ലാ പ്രസിഡന്റ് അധ്യക്ഷപ്രസംഗത്തില്‍ വ്യക്തമാക്കുകയും ചെയ്തു. ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ സംസ്ഥാന പ്രസിഡന്റിന് സ്വീകരണവും നല്‍കി. ഭാരവാഹികള്‍ ചേര്‍ന്ന് ഇദ്ദേഹത്തിന് മാലചാര്‍ത്തി. തൃശ്ശൂരില്‍ നടക്കുന്ന ആര്‍എസ്എസ് പഠനശിബിരത്തില്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശനം നടത്തി.



