ഒരു വർഷം കൊണ്ട് റോഡ് ക്യാമറയിൽ കുടുങ്ങി 80 ലക്ഷം പേർ… ഇതുവഴി സർക്കാരിന് ലഭിക്കുന്നത് ….
റോഡ് ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങിയത് 2023 ജൂലൈ മുതൽ ആണ്. അന്ന് മുതൽ കഴിഞ്ഞമാസം വരെയുള്ള ഗതാഗത നിയമലംഘനത്തിന്റെ കണക്കുകൾ എടുത്താൽ പിഴയടയ്ക്കാൻ ആവശ്യപ്പെട്ട് ചലാൻ അയച്ചത് 80 ലക്ഷം പേർക്കാണ്. ഏതാണ്ട് 500 കോടിയിലധികം രൂപയാണ് ഇതിൽ സർക്കാരിനു ലഭിക്കുക.
ധനവകുപ്പ് പണം നൽകിത്തുടങ്ങിയതോടെ കെൽട്രോൺ, റോഡ് ക്യാമറകളിൽ കുടുങ്ങുന്നവർക്കു പിഴയുടെ ചലാനും കൃത്യമായി അയച്ചുതുടങ്ങി. നല്ല വരുമാനമുള്ള പദ്ധതിയാണ് ഇതെന്ന് കണ്ടതോടുകൂടി നാഗ്പുരിൽ ക്യാമറ സ്ഥാപിക്കുന്നതിന് മഹാരാഷ്ട്ര സർക്കാർ കെൽട്രോണിനെ ചുമതലപ്പെടുത്തി. എന്നാൽ മുൻപ് കരാറിനു താൽപര്യം പ്രകടിപ്പിച്ച അസം സർക്കാർ, വിവാദമുയർന്നപ്പോൾ കെൽട്രോണിനെ ഒഴിവാക്കിയതായിരുന്നു.
3 മാസത്തിലൊരിക്കൽ 11.6 കോടി രൂപ വീതമാണ് കെൽട്രോണിന് നൽകേണ്ടത്. ക്യാമറയുടെയും ചലാൻ അയയ്ക്കുന്നതിന്റെയും ചുമതലയുള്ള കെൽട്രോണിന് സർക്കാർ കഴിഞ്ഞ 4 ക്വാർട്ടറിലും പണം കൃത്യമായി നൽകിയതോടെ ചലാനും കൃത്യമായി അയച്ചുതുടങ്ങി. സെപ്റ്റംബറിൽ നൽകേണ്ട തുക നൽകിയിട്ടില്ല.
232 കോടി രൂപയാണ് 732 ക്യാമറകളുടെ ആകെ ചെലവ്. കെൽട്രോൺ നൽകിയ ഉപകരാറുകളും ക്യാമറയുടെ വിലയിലെ ക്രമക്കേടും, ആദ്യം 151 കോടിയാകുമായിരുന്ന പദ്ധതിച്ചെലവ് പിന്നീട് 232 കോടിയായതും വിവാദമാവുകയും പ്രതിപക്ഷം ചർച്ചയാക്കുകയും ഒക്കെ ചെയ്തിരുന്നു.
പിഴയടക്കാനായി എസ്എംഎസ് ആയി മൊബൈലിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ കേന്ദ്രസർക്കാരിന്റെ എം പരിവാഹൻ സൈറ്റിൽ എത്തും. ഇതിൽ ചലാൻ നമ്പർ ടൈപ്പ് ചെയ്തു നൽകിയാൽ മൊബൈലിൽ ഒടിപി വരും. ഇതിൽ കൊടുത്ത് കഴിഞ്ഞാൽ ഓൺലൈനായി പിഴ അടച്ച് രസീത് ഡൗൺലോഡ് ചെയ്ത് എടുക്കാം. ആർടി ഓഫിസുകളിൽ നേരിട്ട് പോയും പിഴ അടയ്ക്കാവുന്നതാണ്.
എസ്എംഎസ് ലഭിച്ച് 7 ദിവസത്തിനകം തുക അടയ്ക്കാത്തവരുടെ നിയമലംഘനങ്ങൾ വെർച്വൽ കോടതിയിലേക്ക് കൈമാറുന്നതാണ് രീതി. എന്നാൽ ഇതുവരെ വെർച്വൽ കോടതിയിലേക്ക് കൈമാറി തുടങ്ങിയിട്ടില്ല. പരിവാഹൻ സൈറ്റിൽ നോക്കിയാൽ പിഴ സംബന്ധിച്ച് അറിയാൻ കഴിയും.