ന്യൂനമർദ്ദം; ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത
ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുന്ന നാലുദിവസം നേരിയ/ ഇടത്തരം മഴയ്‌ക്കോ ഇടിയോടുകൂടിയ മഴയ്‌ക്കോ സാധ്യത. ആന്ധ്രാപ്രദേശിൽ കര കയറിയ മോൻതാ തീവ്ര ചുഴലിക്കാറ്റ് വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി വീണ്ടും ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം അറബിക്കടലിൽ തീവ്രന്യൂനമർദ്ദം തുടരുകയാണ്. വരും മണിക്കൂറുകളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്ക് – വടക്കു കിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് കര തൊട്ടതോടെ ഇനിയുള്ള ദിവസങ്ങളിൽ കേരളത്തീരത്ത് കാറ്റ് വീണ്ടും ദുർബലമാകും. ഇതോടൊപ്പം ഈർപ്പവും കുറയും. വരും ദിവസങ്ങളിൽ പൊതുവെ മഴ ദുർബലമായിരിക്കും. ഒറ്റപെട്ട മഴയ്ക്ക് മാത്രമാണ് സാധ്യത ഉള്ളത്. എന്നാൽ പകൽ താപനില ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.


