പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഷെയ്ഖ് സജ്ജാദ് ഗുൽ ലാബ് ടെക്നിഷ്യൻ കോഴ്സ് പഠിച്ചത് കൊച്ചിയിൽ…സ്ഥാപനം കണ്ടെത്താൻ പോലീസ്…
പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നു സംശയിക്കുന്ന പാകിസ്ഥാന്റെ കൊടുംഭീകരൻ ഷെയ്ഖ് സജ്ജാദ് ഗുൽ ലാബ് ടെക്നിഷ്യൻ കോഴ്സ് പഠിച്ചത് കൊച്ചിയിൽ. 25 വർഷം മുൻപ് കേരളത്തിൽ എത്തിയ സജ്ജാദ് ഗുൽ കോഴ്സ് പഠിച്ച സ്ഥാപനം ഏതെന്നു അന്വേഷിക്കുകയാണ് പോലീസ്. എൻഐഎ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ സഹായത്തോടെയാണിത്. കശ്മീർ സ്വദേശിയായ സജ്ജാദ് ആദ്യം ബെംഗളൂരുവിൽ എംബിഎ പൂർത്തിയാക്കി. പിന്നീടു കേരളത്തിൽ ലാബ് ടെക്നിഷ്യൻ കോഴ്സ് ചെയ്തുവെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്.
പ്രാഥമിക വിവരപ്രകാരം, സജ്ജാദ് കൊച്ചിയിലെ ഒരു സ്ഥാപനത്തിൽ പഠനം നടത്തിയെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന സൂചന. എന്നാൽ, ഈ സ്ഥാപനം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സജ്ജാദിനു കേരളത്തിൽ സഹായം നൽകിയത് ആരൊക്കെ, പഠന കേന്ദ്രമായി കേരളം തിരഞ്ഞെടുക്കാനുള്ള കാരണം എന്നിവയാണു പ്രധാനമായും കേരള പോലീസ് അന്വേഷിക്കുന്നത്. കേരളത്തിലെ പഠനശേഷം പിന്നീട് കശ്മീരില്‍ തിരിച്ചെത്തിയ ഇയാള്‍ അവിടെ ലാബ് ആരംഭിച്ചു. ഈ ലാബ് ഭീകര സംഘടനകള്‍ക്ക് സഹായം ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇയാളുടെ പേരിൽ വേറെയും കേസുകൾ പോലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2002ൽ 5 കിലോ ആർഡിഎക്സുമായി ഡൽഹി പൊലീസിന്റെ പിടിയിലായി. പിന്നീട് 2003ൽ 10 വർഷം തടവിനു ശിക്ഷിക്കപ്പെട്ടു. 2017ൽ ജയിൽ മോചിതനായ ശേഷം പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലേക്കു പോയി. അവിടെ നിന്നും സൈനിക പരിശീലനം അടക്കം നേടിയതായാണ് റിപ്പോർട്ടുകൾ. 2022 ഏപ്രിലിൽ ആണ് എൻഐഎ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചത്.
എൻഐഎയുടെ അന്വേഷണത്തിൽ പഹല്ഗാമിലെ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിൽ ഇയാളുടെ പങ്ക് നിർണായകമെന്ന് കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലെ റാവിൽപിണ്ടി കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവർത്തനങ്ങളെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. പഹൽഗാമിലേത് കൂടാതെ നിരവധി ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. നിലവില്‍ 50 വയസുള്ള സജ്ജാദ് ഗുല്ലിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപയാണ് ഈനാമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.