ഒന്നര ലക്ഷം രൂപ പ്രതിമാസം ശമ്പളം കിട്ടുമെന്ന് വാ​ഗ്ദാനം.. ചാരുംമൂട് സ്വദേശി രാജേന്ദ്രൻ പിള്ള നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്..ഒടുവിൽ…

മാവേലിക്കര: വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങിയ പ്രതി പിടിയിൽ. ആലപ്പുഴ ചാരുംമൂട് സ്വദേശി രാജേന്ദ്രൻ പിള്ളയാണ് അറസ്റ്റിലായത്. മാവേലിക്കരയിൽ നിന്നാണ് മാനന്തവാടി പൊലീസ് ഇയാളെ പിടികൂടിയത്. വയനാട് ഉൾപ്പെടെ നിരവധി ജില്ലകളിൽ ഇയാൾ വിസ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കൈക്കലാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

നെതർലാൻഡിൽ ജോലി വാ​ഗ്ദാനം ചെയ്തായിരുന്നു ഇയാളുടെ തട്ടിപ്പ്. ഒന്നര ലക്ഷം രൂപ പ്രതിമാസം ശമ്പളം കിട്ടുമെന്നും ഇയാൾ ഇരകളെ പറഞ്ഞ് വിശ്വസിപ്പിച്ചു. മൂന്നു ലക്ഷം രൂപയാണ് സർവീസ് ചാർജ്ജെന്നും ആദ്യ​ഗഡുവായി ഒരു ലക്ഷം രൂപ നൽകണമെന്നുമായിരുന്നു ഇയാളുടെ ഡിമാൻഡ്. എന്നാൽ, ആദ്യ ഗഡുവായി രാജേന്ദ്രൻപിള്ളയ്ക്ക് ഒരു ലക്ഷം രൂപ നൽകിയവർ പെട്ടുപോകുകയായിരുന്നു. പണം നൽകി രണ്ട് വർഷമായിട്ടും വിസ ലഭിച്ചില്ല. ഇതോടെയാണ് ആളുകൾ പരാതിയുമായി രംഗത്തുവന്നത്.

മാനന്തവാടി പൊലീസ് സൈബർ വിംങ്ങിൻറെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മാവേലിക്കരയിൽ നിന്ന് പ്രതി പിടിയിലാകുന്നത്. വയനാട്ടിൽ മാത്രം 45ഓളം പേർ വിസാ തട്ടിപ്പിന് ഇരയായി. സംസ്ഥാനത്ത് ഉടനീളം ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് ഇയാൾ നടത്തിയെന്നാണ് വിവരം. ഇയാളുടെ കൂട്ടാളികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.

Related Articles

Back to top button