ബിജെപിയും ക്രിസ്ത്യൻ സഭകളുമായുള്ള സൗഹൃദം അവസാനിക്കുന്നോ? രാജ്ഭവന് മുന്നിലേക്ക് വായമൂടിക്കെട്ടി ക്രിസ്ത്യൻ സഭകളുടെ സംയുക്ത പ്രതിഷേധം…
ഛത്തീസ്ഗഢിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് വായമൂടിക്കെട്ടി പ്രതിഷേധ മാർച്ച് നടത്തി. തിരുവനന്തപുരം കത്തോലിക്കാ ഫോറത്തിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്. പാളയത്തു നിന്നും ആരംഭിച്ച മാർച്ചിന് ബിഷപ്പ് കർദിനാൾ ബസേലിയോസ് ക്ലിമിസ് ബാവ അടക്കമുള്ള സഭാ നേതാക്കൾ നേതൃത്വം നൽകി.
സന്യാസിമാർ അപമാനിക്കപ്പെടുകയാണെന്നും ന്യൂനപക്ഷ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുക്കൊണ്ടാണ് ക്രിസ്ത്യൻ സഭകളുടെ സംയുക്ത സമരം. വിഷയം രാജ്യം ഒന്നാകെ ഗൗരവമായി കാണണമെന്ന് സഭാ നേതാക്കൾ ആവശ്യപ്പെട്ടു. ബിജെപിയുമായി ഒരു സൗഹൃദ നിലപാടിലേക്ക് നീങ്ങിയ ക്രൈസ്തവസഭ നിലപാട് തിരുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്രസർക്കാരിനും ബിജെപി നേതൃത്വത്തിനെതിരെയും കടുത്തനിലപാടിലേക്കാണ് സഭ നീങ്ങുന്നത്.
സിറോ മലബാർ സഭയുടെ കീഴിൽ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസസഭയിലെ സിസ്റ്റർമാരായ വന്ദന, പ്രീതി എന്നിവരാണ് ഛത്തീസ്ഗഢിൽ അറസ്റ്റിലായത്. മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കന്യാസ്ത്രീകളെ ദുർഗ് റെയിൽവേ സ്റ്റേഷനിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലിചെയ്യുന്ന ഇവർ ഗാർഹിക ജോലികൾക്കായി മൂന്നു പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി ദുർഗ് റെയിൽവേ സ്റ്റേഷനിൽ ചെന്നതാണ്. ഒരു പെൺകുട്ടിയുടെ സഹോദരനും കൂടെയുണ്ടായിരുന്നു. ഇതിനിടെ ബജ്‌റങ്ദൾ പ്രവർത്തകർ ഇവരെ തടഞ്ഞുവെക്കുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു.
അതേസമയം, അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ അധികാരമില്ലെന്ന് ദുർഗ് സെഷൻസ് കോടതി വ്യക്തമാക്കി. തുടർന്ന് കേസ് ബിലാസ്പൂർ എൻഐഎ കോടതിയിലേക്ക് മാറ്റി. വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാനും കോടതി നിർദേശം നൽകി. കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് രാവിലെ മുതൽ ബജ്രംഗ്ദൾ പ്രവർത്തകർ കോടതി പരിസരത്ത് പ്രതിഷേധവുമായി എത്തി. ജ്യോതി ശർമയുൾപ്പെടെയുള്ള നേതാക്കൾ മുദ്രാവാക്യം വിളികളോടെയാണ് കോടതിക്ക് മുന്നിലെത്തിയത്.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുന്ന സമയത്ത് ബജ്രംഗ്ദൾ പ്രവർത്തകർ അവരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യാതൊരു കാരണവശാലും കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ പരിഗണിക്കാതെ വന്നതോടെ കോടതിക്ക് പുറത്ത് ഇവർ ആഹ്ലാദ പ്രകടനം നടത്തി. ഇതോടെ ഇവർ ജയിലിൽ തുടരുമെന്ന് വ്യക്തമായി. അഞ്ചു ദിവസം മുമ്പാണ് മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് മലയാളികളായ കന്യാസ്ത്രീകൾ അറസ്റ്റിലാവുന്നത്.