തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നാളെ നടക്കും, ശുഭ പ്രതീക്ഷയിൽ മുന്നണികൾ

തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നാളെ നടക്കും. ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ആധിപത്യം തുടരനാകുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. തിരിച്ചുവരവിന് കളമൊരുങ്ങുമെന്നാണ് യുഡിഎഫ് കരുതുന്നത്. കരുത്ത് കാണിക്കാനാകുമെന്നാണ് ബിജെപി കണക്കൂട്ടൽ.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലിൽ ആര് വാഴുമെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം ഇനി ബാക്കി. 941 പഞ്ചായത്ത്‌, 152 ബ്ലോക്ക്‌ പഞ്ചായത്ത്‌, 14 ജില്ലാ പഞ്ചായത്ത്‌, 86 മുനിസിപ്പാലിറ്റികള്‍, 6 കോർപ്പറേഷനുകൾ എന്നിവിടങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണിയോടെ തുടങ്ങും. വോട്ടെണ്ണലിനായി സംസ്ഥാനത്താകെ 244 കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളില്‍ ത്രിതല പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. തുടർന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണും. ആദ്യം ഗ്രാമ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഫലം വരും. ജില്ലാ പഞ്ചായത്തുകളിലേത് അടക്കം ഉച്ചയ്ക്ക് രണ്ട് മണിയോടെ പൂർണ ഫലം അറിയാനാകും.

Related Articles

Back to top button