നാട്ടികയിൽ ട്വിസ്റ്റ്; സി സി മുകുന്ദനെ ദില്ലിക്ക് വിളിപ്പിച്ച് കോൺഗ്രസ്

സിപിഐ പുറത്താക്കിയ സി സി മുകുന്ദൻ എംഎൽഎയെ കോൺഗ്രസ് നേതൃത്വം ദില്ലിക്ക് വിളിപ്പിച്ചു. നെടുമ്പാശേരിയിൽ നിന്ന് മുകുന്ദൻ വിമാന മാർഗം ദില്ലിക്ക് പുറപ്പെട്ടു. അർധരാത്രിയോടെ ദില്ലിയിൽ എത്തും. നാളെ കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തും. അമ്പലപ്പുഴ മോഡൽ നാട്ടികയിലും വരാൻ സാധ്യത. കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ വികാരം മറികടന്ന് സീറ്റ് നൽകാനാണ് നീക്കം. സി സി മുകുന്ദനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ കോൺഗ്രസ് ചർച്ച നടത്തും. കെ സി വേണുഗോപാൽ, സി സി മുകുന്ദനുമായി ചർച്ച നടത്തും.
നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കാനാണ് ആഗ്രഹമെന്നും ഭീഷണിയുണ്ടായാൽ ഭയപ്പെടാതെ നേരിടുമെന്നും സി സി മുകുന്ദൻ എംഎൽഎ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം മുകുന്ദനെതിരെ പ്രാദേശിക കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. സിപിഐ തള്ളിയ മുകുന്ദനെ സ്ഥാനാർത്ഥിയാക്കരുതെന്നാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യം. പ്രാദേശിക നേതാക്കളുടെ സ്ക്രാപ്പ് പരാമർശത്തിനും മുകുന്ദൻ മറുപടി പറഞ്ഞു.
താൻ ഉപയോഗമുള്ള ആളാണോ ഉപയോഗശൂന്യമായ ആളാണോ എന്ന് തെരഞ്ഞെടുപ്പിന് ശേഷം തെളിയുമെന്നാണ് സി സി മുകുന്ദൻ പറഞ്ഞത്. ആരെങ്കിലും വിവരമില്ലാതെ പറയുന്നതിനോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഗീതാ ഗോപിയുടെത് പെയ്മെന്റ് സീറ്റ് ആണെന്നും അദ്ദേഹം ആവർത്തിച്ചു. പാർട്ടി ആവശ്യപ്പെട്ട പണം പിരിച്ചു കൊടുക്കാനുള്ള ശേഷി തനിക്കില്ല. പത്തു കൊല്ലം എംഎൽഎ ആയിരുന്ന ശേഷം പാർട്ടിയും മണ്ഡലവും തള്ളിക്കളഞ്ഞയാളെയാണ് വീണ്ടും മത്സരിപ്പിക്കുന്നത്. അവർക്ക് വലിയ സ്പോൺസർമാർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.




