ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ.. റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം..

തിരുവനന്തപുരം നഗരസഭയിലെ തിരുമല വാര്‍ഡ് കൗണ്‍സിലറും ബിജെപി നേതാവുമായ അനിൽകുമാര്‍ ആത്മഹത്യ ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം. ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ വനിത മാധ്യമപ്രവര്‍ത്തകരെയടക്കം കയ്യേറ്റം ചെയ്യുകയായിരുന്നു. ക്യാമറകളും നശിപ്പിച്ചു. വനിത മാധ്യമപ്രവര്‍ത്തകരയെടക്കം സ്റ്റെപ്പിൽ നിന്ന് തള്ളുകയായിരുന്നു. ഇന്ന് രാവിലെയാണ് തിരുമലയിലെ കൗണ്‍സിലര്‍ ഓഫീസിൽ അനിൽകുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബിജെപി നേതൃത്വത്തിനെതിരെ അനിൽകുമാർ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. അനിൽകുമാർ ഭാരവാഹിയായ വലിയശാല ടൂർ സൊസൈറ്റിയിൽ സാമ്പത്തിക പ്രശ്നമുണ്ടായപ്പോൾ പാർട്ടി സഹായിച്ചില്ലെന്ന് കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്ന് കുറിപ്പിൽ പറയുന്നു.

കോർപ്പറേഷനിൽ ബി ജെ പി സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന നേതാവാണ് മരിച്ച അനിൽകുമാർ. ബിജെപി നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ചാണ് അനിൽകുമാറിന്‍റെ ആത്മഹത്യയെന്ന ആരോപണം ബിജെപി നേതൃത്വം നിഷേധിച്ചിരുന്നു. കടബാധ്യത തീര്‍ക്കാൻ പാര്‍ട്ടി സഹായിച്ചെന്നും സൊസൈറ്റിയുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നുമാണ് ബിജെപി ജില്ലാ പ്രസിഡന്‍റ് വിവി രാജേഷ് വ്യക്തമാക്കിയത്. ഇത്തരത്തിൽ ഇക്കാര്യങ്ങള്‍ നേതാക്കള്‍ വിശദീകരിക്കുന്നതിനിടെയാണ് ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം നടത്തിയത്. പാര്‍ട്ടി നേതൃത്വം അറിഞ്ഞല്ല കയ്യേറ്റമെന്നും പരിശോധിക്കുമെന്നുമാണ് നേതാക്കളുടെ പ്രതികരണം.

Related Articles

Back to top button