സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം..
സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കമാകും. വൈകീട്ട് ആറിന് തിരുവനന്തപുരം കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, തുടങ്ങിയവർ പരിപാടിയുടെ ഭാഗമാകും. സിനിമ താരങ്ങളായ രവി മോഹന്‍, ബേസിൽ ജോസഫ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥികൾ ആകും. ഈ മാസം ഒന്‍പതിന് ഘോഷയാത്രയോടെയാണ് ഓണാഘോഷത്തിന് സമാപനം കുറിക്കുക. മാനവീയം വീഥിയിൽ ഗവർണർ രാജേന്ദ്ര ആർലേക്കറാണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുക. 33 വേദികളിലായി വിവിധ പരിപാടികളാണ് അരങ്ങേറുന്നത്.
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്‍റെ ഭാഗമായി ഒരുക്കിയ വൈദ്യുത ദീപാലങ്കാരത്തിന്‍റെ സ്വിച്ച് ഓണ്‍ ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് കനകക്കുന്നില്‍ ഇന്നലെ നിര്‍വ്വഹിച്ചു. കവടിയാര്‍ മുതല്‍ മണക്കാട് വരെയാണ് വര്‍ണാഭമായ ദീപാലങ്കാരം ഒരുക്കിയിട്ടുള്ളത്. നഗരത്തിലെ ഓണാഘോഷത്തിന്‍റെ ഏറ്റവും ആകര്‍ഷകമായ കാഴ്ചയാണ് ദീപാലങ്കാരം. മുന്‍വര്‍ഷങ്ങളേക്കാള്‍ ആകര്‍ഷകവും വിപുലവുമായിട്ടാണ് ഇക്കുറി ദീപാലങ്കാരങ്ങള്‍ ഒരുക്കിയിട്ടുള്ളത്. നഗരത്തിലെ പ്രധാന റോഡുകളും ജങ്ഷനുകളും സര്‍ക്കാര്‍ മന്ദിരങ്ങളും ദീപാലങ്കാരത്തിന്‍റെ ഭാഗമാണ്.