എൽഡിഎഫും യുഡിഎഫും ആസൂത്രിതമായി ആക്രമിച്ചു, ഇല്ലാതാക്കാൻ ശ്രമിച്ചു

ട്വന്റി 20യുടെ എൻഡിഎ പ്രവേശനത്തിൽ വിശദീകരണവുമായി പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബ്. ട്വന്റി 20 യെ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കണമെന്ന് തീരുമാനിച്ച്, എൽഡിഎഫും യുഡിഎഫും ആസൂത്രിതമായി ആക്രമിച്ചുവെന്നും പാർട്ടിയെ തുടച്ചു നീക്കാനുള്ള ശ്രമമുണ്ടായപ്പോഴാണ് എൻഡിഎയിലേക്ക് പോകാൻ തീരുമാനിച്ചതെന്നും സാബു എം ജേക്കബ് വിശദീകരിച്ചു. ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷമാണ് തീരുമാനമുണ്ടായത്. കേരളത്തിന്റെ വികസനത്തിനുള്ള കുതിപ്പാണ് ഈ തീരുമാനം. തീരുമാനത്തിൽ പ്രതിഷേധിച്ച് ട്വന്റി 20 വിട്ടു പോയവരെ കുറ്റം പറയില്ല. സ്വഭാവികമായ വിട്ടു പോകൽ മാത്രമാണ്. ഇനിയും ആളുകൾ പോയേക്കാം. ഒരാൾ പോകുമ്പോൾ നൂറ് പേർ വരും. ഇത് മാറ്റത്തിന്റെ തുടക്കമാണ്. ന്യൂന പക്ഷങ്ങളെ തമ്മിൽ അടിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പാണ് ഇടതും വലതും നടത്തുന്നതെന്നും താൻ മത്സരിക്കുന്നതിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി



