തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പരസ്യപ്രചാരണം സമാപനത്തിലേക്ക്. ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണത്തിനാണ് സമാപനമാകുന്നത്. കലാശക്കൊട്ടോടെ വൈകിട്ട് ആറിന് പരസ്യപ്രചാരണം സമാപിക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ മറ്റന്നാളാണ് വിധിയെഴുത്ത്. അവസാനഘട്ടത്തിൽ വോട്ടുറപ്പിക്കാനായി മുന്നണികള്‍ ഓട്ടപ്പാച്ചിലിലാണ്. കലാശക്കൊട്ട് ദിവസം റോഡ് ഷോകളും ബൈക്ക് റാലികളുമൊക്കെയായി മുന്നണികള്‍ നഗര-ഗ്രാമവീഥികളിൽ സജീവമാണ്. ഏഴു ജില്ലകളിൽ കലാശക്കൊട്ട് നടക്കുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികള്‍. രാഷ്‌ട്രീയാവേശം അതിന്‍റെ കൊടുമുടിയിൽ എത്തിയ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ലാപ്പാണ് ഏഴു ജില്ലകളിലും ഇപ്പോള്‍ നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരസ്യ പ്രചാരണമാണ് ഇന്ന് വൈകിട്ട് ആറിന് അവസാനിക്കുക.
തിരുവനന്തപുരം ജഗതിയിൽ ഇടത് സ്ഥാനാര്‍ത്ഥി പൂജപ്പുര രാധാകൃഷ്ണന്‍റെ കലാശക്കൊട്ടിന് നേതൃത്വം നനല്‍കുന്നത് മന്ത്രി ഗണേഷ്കുമാര്‍ ആണ്. നിരവധി ബൈക്ക് യാത്രികരുടെ അകമ്പടിയോടെ റോഡ് ഷോ മുന്നോട്ട് പോകുകയാണ്. കന്നിയങ്കത്തിൽ തന്നെ പൂജപ്പുര രാധാകൃഷ്ണന്‍ കടന്നുകയറുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ആലപ്പുഴയിൽ വാർഡ് തലത്തിൽ ആണ് കൊട്ടിക്കലാശം നടക്കുന്നത്. പരസ്യപ്രചരണത്തിന്‍റെ അവസാന മിനിട്ടുകളിൽ കൊട്ടിക്കലാശം ശക്തി പ്രകടന മാക്കുകയാണ് മുന്നണികൾ. വിവിധ ഇടങ്ങളിൽ പ്രകടനങ്ങൾ തുടങ്ങി. എറണാകുളം കളമശേരി നഗരസഭ പരിധിയിലെ കങ്ങരപ്പടിയിൽ മന്ത്രി പി രാജീവ് എൽഡിഎഫിന്‍റെ കലാശക്കൊട്ടിൽ പങ്കെടുക്കും. പരസ്യപ്രചരണത്തിന്‍റെ അവസാന ദിനം റോഡ് ഷോ നടത്തിയാണ് കോട്ടയം ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി ജയ്സൺ ജോസഫ് വോട്ടർമാരെ കണ്ടത്. തിരഞ്ഞെടുപ്പ് ചിഹ്നമായ ഓട്ടോറിക്ഷയും ബൈക്കുകളും അണിനിരത്തിയായിരുന്നു റോഡ് ഷോ. കോട്ടയം ജില്ലാ പഞ്ചായത്തിൽ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന ഡിവിഷനാണ് അതിരമ്പുഴ. പത്തനംതിട്ട റാന്നി ഇട്ടിയപ്പാറ ടൗണിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ കലാശക്കൊട്ടിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പങ്കെടുക്കുന്നുണ്ട്.ഇടുക്കി വണ്ടിപ്പെരിയാറിലും മറ്റു ജില്ലകളിലെ ആസ്ഥാനങ്ങളിലും റോഡ് ഷോകളുമായി മുന്നണികള്‍ കലാശക്കൊട്ട് ആഘോഷമാക്കുകയാണ്.



