ഭരണപക്ഷ എംഎൽഎ ആയാൽ ഇങ്ങനെ വേണം, ഒരുപാട് കാര്യങ്ങൾ അഞ്ച് തവണ ചെയ്യാൻ സാധിച്ചു

പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ പരിഹസിച്ച് മുൻ എംഎൽഎ പി സി ജോർജ്. ഒരുപാട് കാര്യങ്ങൾ അഞ്ച് തവണ ചെയ്യാൻ സെബാസ്റ്റ്യൻ കുളത്തുങ്കലിന് സാധിച്ചെന്ന് പി സി ജോർജ് പരിഹസിച്ചു. അഞ്ച് വർഷത്തെ ബജറ്റിൽ പൂഞ്ഞാറിനു എന്ത് ലഭിച്ചു എന്ന് നോക്കിയപ്പോൾ ജനം ഒരു പാലം ചോദിച്ചപ്പോൾ അതേ സ്ഥലത്ത് അഞ്ച് പാലം കൊടുത്തതായാണ് കാണുന്നതെന്ന് ബജറ്റിലെ ആവർത്തനം ചൂണ്ടിക്കാട്ടി പി സി ജോർജ് പരിഹസിച്ചു. ഭരണപക്ഷ എംഎൽഎ ആയാൽ ഇങ്ങനെ വേണമെന്നും പി സി ജോർജ് പറഞ്ഞു. ജോസ് കെ മാണിയേയും പി സി ജോർജ് വിമർശിച്ചു
‘തിരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർത്ഥിക്ക് മൂന്ന് കാര്യങ്ങൾ ചെയ്യാം’
“നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർത്ഥിക്ക് മൂന്ന് കാര്യങ്ങൾ ചെയ്യാം- 1. പരാജയം അംഗീകരിച്ചു പൊതുപ്രവത്തനവുമായി മുമ്പോട്ട് പോവാം. 2. പരാജയം അംഗീകരിക്കാതെ ഭരണ – ഉദ്യോഗസ്ഥ തലത്തിലെ സ്വാധീനം ഉപയോഗിച്ചു വികസനം തടസ്സപ്പെടുത്തി തോൽപ്പിച്ച ജനത്തോട് പകരം വീട്ടാം. 3. പരാജയം അംഗീകരിച്ചുകൊണ്ട് ശക്തമായ പ്രതിപക്ഷമായി പുതിയ ജനപ്രതിനിധിയെ 24*7 ഓഡിറ്റ് ചെയ്യാം. മുകളിൽ പറഞ്ഞതിൽ രണ്ടാമത്തെ ആളെ പാലായിൽ കാണാം. എല്ലാ സ്വാധീനവും ഉപയോഗിച്ചു പാലായിൽ എം എൽ എ വഴി ഒന്നും എത്താതെ ഇരിക്കാൻ പരമാവധി അദ്ദേഹം ശ്രമിച്ചു. ഇനി പൂഞ്ഞാറിലെ കാര്യം. മുകളിൽ പറഞ്ഞ ലിസ്റ്റിൽ ആദ്യത്തെ ആൾ ഞാൻ ആണെന് പൂഞ്ഞാറുകർക്കും നിലവിലെ എം എൽ എയ്ക്കും ഒരു തർക്കവും ഉണ്ടാവില്ല. ജയിച്ച ആളെ അയാളുടെ വഴിക്കു വിട്ടു. ഒരു കാര്യത്തിനും ഞാൻ പുറകെ പോയില്ല. എന്നാൽ ഇന്നലെ ഇരുന്നു കഴിഞ്ഞ അഞ്ച് വർഷത്തെ ബജറ്റിൽ പൂഞ്ഞാറിനു എന്ത് ലഭിച്ചു എന്ന് ചുമ്മാ ഒന്ന് നോക്കി. അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടി.
* അഞ്ച് ബജറ്റിലും ഈരാറ്റുപേട്ടയിലും മുണ്ടക്കയതും ഒന്ന് വീതം സിവിൽ സ്റ്റേഷനുകൾ.
* മുണ്ടക്കയം കോസെവേ പാലത്തിനു സാമാന്തര പാലം എല്ലാ ബജറ്റിലും ഓരോന്ന് വീതം.
* മീനച്ചിൽ താലൂക്ക് അഞ്ച് തവണയും ബജറ്റിൽ വിഭജിച്ചു.
* എരുമേലി പഞ്ചായത്ത് അഞ്ച് തവണ വിഭജിച്ചു
* കൊണ്ടൂർ ചിറ്ററിൻകര അഞ്ച് ബജറ്റിലും ഓരോ പാലം വീതം
* ഈരാറ്റുപേട്ട സർക്കാർ ആശുപത്രി അഞ്ച് തവണ താലൂക്ക് ആശുപത്രിയായി ഉയർത്തി
അങ്ങനെ ഒരുപാട് കാര്യങ്ങൾ അഞ്ച് തവണ ചെയ്യുവാൻ ശ്രീ സെബാസ്റ്റ്യൻ കുളത്തുങ്കലിന് സാധിച്ചു. മറ്റു എം എൽ എ മാർ ഒരു തവണ ചെയ്യാൻ പാട് പെടുമ്പോൾ ജനം ഒരു പാലം ചോദിച്ചാൽ അവിടെ തന്നെ അഞ്ച് പാലം കൊടുത്തു സെബാസ്റ്റ്യൻ. ഭരണപക്ഷ എം എൽ എ ആയാൽ ഇങ്ങനെ വേണം”- എന്നാണ് പി സി ജോർജിന്‍റെ കുറിപ്പ്.



