ദേവസ്വം ബോര്ഡ് ഭരണത്തിൽ ഇടപെടാൻ സര്ക്കാര്…

ദേവസ്വം കമ്മീഷണർക്ക് കൂടുതൽ അധികാരങ്ങൾ നൽകി ദേവസ്വം ബോർഡുകളുടെ ഭരണത്തിൽ ഇടപെടാൻ സർക്കാർ. ഇതിനായി ദേവസ്വം വകുപ്പ് സെക്രട്ടറി എം ജി രാജമാണികൃം നൽകിയ ശുപാർശയിന്മേൽ സർക്കാരിൽ ചർച്ചകൾ തുടരുകയാണ്. സർക്കാർ നിയമിക്കുന്ന കമ്മീഷണർക്ക് ദേവസ്വം ബോർഡ് സെക്രട്ടറിയുടെ അധികാരങ്ങൾ കൈമാറാനും ബോർഡ് യോഗങ്ങളിൽ പങ്കെടുപ്പിക്കാനുമാണ് നീക്കം.
തിരുവിതാംകൂർ ദേവസ്വം ഉൾപ്പെടെ ദേവസ്വങ്ങളിൽ സർക്കാർ നിയന്ത്രങ്ങൾ കുറവാണ്. സർക്കാർ നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളാണെങ്കിലും ദൈംനദിന പ്രവർത്തനങ്ങളിലും നിയമപരമായ കാര്യങ്ങളിലും ബോർഡിനാണ് അധികാരം. സ്വർണപ്പാളി കടത്തൽ ഉൾപ്പെടെ ബോർഡ് എടുക്കുന്ന തീരുമാനങ്ങൾ വിവാദമാകുമ്പോൾ സർക്കാരിൻ്റെ പ്രതിച്ഛായയെ ബാധിക്കുന്ന സാഹചര്യത്തിലാണ് ബോർഡുകളിൽ അഴിച്ചു പണിക്ക് സർക്കാർ ഒരുങ്ങുന്നത്. സർക്കാരിൻ്റെ പ്രതിനിധിയായ ദേവസ്വം കമ്മീഷണറുടെ അധികാരങ്ങൾ കൂട്ടാനും ബോർഡിലെ നിയമന രീതികളിൽ മാറ്റം കൊണ്ടുവരാനുമാണ് നീക്കം.
മലബാർ-ഗുരുവായൂർ-കൂടൽമാണിക്യം ദേവസ്വങ്ങളിൽ സർക്കാർ നോമിനിയായ ചീഫ് എക്സിക്യൂട്ടീവ് ഓഫീറോ/അഡ്മിനിസ്ട്രേറ്ററോ ആണ് ബോർഡ് സെക്രട്ടറിയായി പ്രവർത്തിക്കുന്നത്. എന്നാൽ, കൊച്ചി- തിരുവിതാംകൂർ ദേവസ്വങ്ങളിൽ അഡീഷണൽ സെക്രട്ടറി റാങ്കിലുള്ള സർക്കാർ ഉദ്യോഗസ്ഥനെ ദേവസ്വം കമ്മീഷണറായി നിയമിക്കുന്നുണ്ടെങ്കിലും അധികാരങ്ങളില്ല. ബോർഡ് യോഗത്തിൽ പങ്കെടുക്കാനോ അഭിപ്രായം പറയാനോ അധികാരമില്ല. ബോർഡിലെ സ്ഥാനക്കയറ്റം ലഭിക്കുന്ന ഉദ്യോഗസ്ഥനായ സെക്രട്ടറിക്ക് മാത്രമാണ് ബോർഡ് യോഗത്തിൽ പങ്കെടുക്കാൻ കഴിയുന്നത്. ഈ സംവിധാനം മാറ്റി, കമ്മീഷണർക്ക് തന്നെ സെക്രട്ടറിയുടെ അധികാരങ്ങൾ നൽകുന്നത് ബോർഡിൻെറ പക്ഷപാതപരമായ തീരുമാനങ്ങളെ തിരുത്തുന്നതിന് സാധിക്കുന്നമെന്നാണ് ദേവസ്വം സെക്രട്ടറി സർക്കാരിന് നൽകിയിട്ടുള്ള ശുപാർശ. കളക്ടർ പദവി കഴിഞ്ഞ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ കമ്മീഷണറാക്കുന്നത് ഭരണവും എകോപനവും കാര്യക്ഷമമാക്കുമെന്നാണ് ശുപാർശ. മാത്രമല്ല അസി. കമ്മീഷണർ-എൻജിനിയർ മുതലുള്ള ഉദ്യോഗസ്ഥരുടെ നിയമനം അച്ചടക്ക നടപടി എന്നിവ കമ്മീഷണറുടെ കീഴിൽ കൊണ്ടുവരണമെന്നാണ് ശുപാർശ.




