‘യഥാര്‍ത്ഥ ഭക്തരെ തിരിച്ചറിയാന്‍ വിഷമമില്ല, ഭക്തരുടെ സ്വഭാവം എന്താണെന്ന് ഭഗവത്ഗീതയിലുണ്ട്’
യഥാര്‍ത്ഥ ഭക്തരെ തിരിച്ചറിയാന്‍ വിഷമമില്ലെന്നും ഭഗവത്ഗീത തന്നെ യഥാര്‍ത്ഥ ഭക്തരുടെ സ്വഭാവം എന്താണെന്നുള്ളത് വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്തന്റെ ലക്ഷണങ്ങള്‍ ഭഗവദ്ഗീതയുടെ 12-ാം അധ്യായത്തില്‍ 13 മുതല്‍ 20 വരെയുള്ള എട്ടു ശ്ലോകങ്ങളിലായാണുള്ളത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്, ‘അദ്വേഷ്ടാ സര്‍വ്വഭൂതാനാം മൈത്ര കരുണ എവ ച’ എന്നു തുടങ്ങുന്ന ഭാഗമാണ്. ഒന്നിനെയും ദ്വേഷിക്കാത്തവനും എല്ലാത്തിനും മിത്രമായിരിക്കുന്നവനും എല്ലാവരിലും ദയയുള്ളവനും സുഖദുഃഖങ്ങളില്‍ ഭാവഭേദമില്ലാത്തവനും എന്തും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നവനും ആയിരിക്കും ഭക്തന് എന്നതാണ് ആ ഗീതാനിര്‍വചനം. അതിന് നിരക്കുന്ന തരത്തിലുള്ള ഭക്തിയുള്ളവരുടെ സംഗമമാണ് സത്യത്തില്‍ ഇതെന്നുെം മുഖ്യമന്ത്രി. പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
തീര്‍ത്തും മതനിരപേക്ഷ മൂല്യങ്ങളുടെ വിശുദ്ധിയില്‍ തിളങ്ങുന്നതാണ് ശബരിമല അയ്യപ്പക്ഷേത്രം എന്നു നമുക്കറിയാം. ഓരോ മതവും വിശ്വാസപ്രമാണവും തങ്ങളുടേതായ ആരാധനാലയങ്ങളും അനുബന്ധ രീതികളും പിന്തുടരുമ്പോള്, എല്ലാ ജാതി-മത ചിന്തകള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറം, എല്ലാവരും ഒരുമിച്ചൊന്നായി എത്തിച്ചേരുന്ന ഇടമാണ് ശബരിമലയെന്നും മുഖ്യമന്ത്രി.